Breaking News

24 മണിക്കൂറിനുള്ളിൽ മൂന്ന് കോടി ഉപഭോക്താക്കൾ; ട്വിറ്ററിന്റെ എതിരാളി 'ത്രെഡ്‌സ്' ആദ്യ ദിനംതന്നെ സൂപ്പർ ഹിറ്റ് !

 24 മണിക്കൂറിനുള്ളിൽ മൂന്ന് കോടി ഉപഭോക്താക്കൾ; ട്വിറ്ററിന്റെ എതിരാളി 'ത്രെഡ്‌സ്' ആദ്യ ദിനംതന്നെ സൂപ്പർ ഹിറ്റ് !


ലോഞ്ച് ചെയ്ത് 18 മണിക്കൂറിനുള്ളിൽ മൂന്ന് കോടി ഡൗൺലോഡുകളുമായി മെറ്റയുടെ പുതിയ ആപ്ലിക്കേഷൻ ആയ ‘ത്രെഡ്‌സ്’. ട്വിറ്ററിന്റെ കൊലയാളി എന്ന് വിളിക്കപ്പെടുന്ന, ത്രെഡ്‌സ് ആപ്പിൽ ഉപയോക്താക്കൾക്ക് ടെസ്റ്റും ലിങ്കും ഷെയർ ചെയ്യാനും ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകൾക്ക് മറുപടി നൽകുകയോ റീപോസ്‌റ്റ് ചെയ്യുകയോ ചെയ്‌ത് സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കും.

യുകെയിലും യുഎസിലുമുള്ള ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ലഭിക്കുന്ന ഏറ്റവും മികച്ച സൗജന്യ ആപ്ലിക്കേഷനാണ് ത്രെഡ്സ് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഏറ്റവും വേഗത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പായി ത്രെഡ്സ് മാറുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ 100 ​​ദശലക്ഷത്തിലധികം ഉപയോക്താക്കളെ മറികടക്കുകയും ചെയ്യുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

500 അക്ഷരങ്ങൾ വരെയുള്ള പോസ്റ്റുകളും 5 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പങ്കിടാൻ ത്രെഡുകൾ നിലവിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഹാഷ്‌ടാഗുകൾ, കീവേഡുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ, ഡെസ്‌ക്‌ടോപ്പ് പതിപ്പ് എന്നിങ്ങനെ ട്വിറ്ററിൽ നിലവിലുള്ള നിരവധി പ്രധാന പ്രവർത്തനങ്ങൾ മെറ്റാ-ബാക്ക്ഡ് ആപ്ലിക്കേഷനിൽ ലഭ്യമല്ല എന്നതാണ് കുറവായി കണക്കാക്കുന്നത്.

അവതരിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ലോകമെമ്പാടും ട്രെൻഡിങ് ആയി എന്നതാണ് ത്രെഡ്‌സിന്റെ പ്രത്യേകത. ഓരോ ഫീച്ചറുകളും താരതമ്യപ്പെടുത്തലും തുടങ്ങി ലോഗോ വരെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങി കഴിഞ്ഞു. മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്ന് ചില മലയാളികളും തമിഴിലെ ‘കു’ പോലെയാണ് ലോ​ഗോ എന്ന് ചില തമിഴ്നാട്ടുകാരും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ലോഗോ കാണാൻ ‘@’ ചിഹ്നം പോലെയുണ്ടെന്നും ജിലേബി പോലെയുണ്ടെന്ന് വരെ പറഞ്ഞവരുമുണ്ട്.

No comments