Breaking News

മീൻ വിഭവങ്ങൾ തീൻമേശ കീഴടക്കുന്നു, ഇന്ത്യക്കാർക്ക് ഇഷ്ടം കൂടുന്നു; രാജ്യത്തെ മീൻ ഉപഭോ​ഗത്തിൽ വൻ വർധന

 മീൻ വിഭവങ്ങൾ തീൻമേശ കീഴടക്കുന്നു, ഇന്ത്യക്കാർക്ക് ഇഷ്ടം കൂടുന്നു; രാജ്യത്തെ മീൻ ഉപഭോ​ഗത്തിൽ വൻ വർധന




ഡൽഹി: മീൻ വിഭവങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ മീൻ ഉപഭോ​ഗം പത്തുവർഷത്തിനിടെ ഇരട്ടിയോളം കൂടിയതായാണ് സ്വതന്ത്ര ​ഗവേഷണ സ്ഥാപനമായ എൻസിഎഇആർ പഠനറിപ്പോർട്ട് പറയുന്നത്. 2011-2012ൽ ആളോഹരി ഏഴുകിലോ ആയിരുന്ന മീൻ ഉപയോഗം 2022-2023 ആയപ്പോഴേക്ക് 13 കിലോയായി എന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ 105 ജില്ലകളിൽ സർവേ നടത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

മീൻ വാങ്ങാനായി ഇന്ത്യക്കാർ ഒരുമാസത്തെ ഭക്ഷണച്ചെലവിൽ 7.6 ശതമാനം തുകയാണ് 2011-2012ൽ ചെലവഴിച്ചത്. 2022-2023ൽ ഇത് 16.8 ശതമാനമായി ഉയർന്നു. വീടുകളിൽ മാസം തോറുമുള്ള മീൻ ഉപഭോഗം 2.66 കിലോ ആയിരുന്നത് പത്തുവർഷംകൊണ്ട് അഞ്ചു കിലോയായി കൂടി.

ആളോഹരി ഉപഭോഗം കൂടിയെങ്കിലും അന്താരാഷ്ട്ര ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലേത് എന്ന് പഠന റിപ്പോർട്ട് പറയുന്നു. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ 2031-ഓടെ ഇന്ത്യയിലെ മീൻ ഉപഭോഗം ആളോഹരി 21 കിലോയ്ക്ക് മുകളിലെത്തുമെന്നുമെന്നാണ് പഠനറിപ്പോർട്ട് പ്രവചിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിൽ 28 ശതമാനം വീടുകളിലും മീൻ ഉപഭോഗം കൂടിയിട്ടുണ്ട്. പലതരം മീൻ ലഭ്യമാണെങ്കിൽ വാങ്ങുന്നതിന്റെ അളവ് കൂടുമെന്ന് പഠനത്തിൽ കണ്ടെത്തി. വില ഒരു പ്രധാനഘടകമാണെന്ന് കേരളത്തിലെ 19 ശതമാനം ജനങ്ങളും പറയുന്നതായി പഠനറിപ്പോർട്ടിലുണ്ട്.

അതേസമയം, കേരളത്തിൽ മീൻ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. മീൻ ഉപഭോഗത്തിൽ രാജ്യത്ത് ഒന്നാമതുള്ളത് ലക്ഷദ്വീപ് ആണ്. ഇവിടെ ആളോഹരി ഉപഭോ​ഗം 125 കിലോ ആണ്. ത്രിപുര -25.53 കിലോ , ഛത്തീസ്ഗഢ് -19.7 കിലോ, മണിപ്പുർ -18.25 കിലോ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങൾ. മീൻ ഉപഭോക്താക്കൾ ഏറ്റവും കുറവുള്ളത് രാജസ്ഥാനിലാണ്. ഇവിടെ 0.01 കിലോ മാത്രമാണ് ആളോഹരി ഉപഭോ​ഗം.

No comments