Breaking News

അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാർഗമില്ല, ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസയിലെ ആശുപത്രികൾ

 അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാർഗമില്ല, ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസയിലെ ആശുപത്രികൾ




ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണം രൂക്ഷമായ ഗാസയില്‍ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ആശുപത്രികൾ. അൽ ശിഫയിലെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട 100 ഓളം പേരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനാകാതെ ദുരിതത്തിലാണ് ആശുപത്രി ജീവനക്കാർ. ഗാസയിലെ ആരോഗ്യമന്ത്രി മായ് അൽ കൈലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിക്കുള്ളിൽ കുമിഞ്ഞുകൂടുന്ന മെഡിക്കൽ വേസ്റ്റുകൾ കൈകാര്യം ചെയ്യാൻ ഇവിടെ മാർഗമില്ലെന്നും അദ്ദേഹം പറയുന്നു. പുതിയ രോഗികളെ അൽ ശിഫ ആശുപത്രി ഇപ്പോൾ സ്വീകരിക്കുന്നില്ല.

അൽ ശിഫ ആശുപത്രിക്ക് സമീപം രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. ഇപ്പോഴും ആശുപത്രിക്ക് സമീപത്തുള്ളവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 43 നവജാത ശിശുക്കളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 1500ലധികം രോഗികളാണ് അഭയാർത്ഥികളായി ആശുപത്രിയിലുള്ളത്. 500ൽ അധികം പേർ ആക്രമണം രൂക്ഷമായതോടെ ഒഴിഞ്ഞുപോയി.

രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സ് ആശുപത്രി ഇന്ധനം തീർന്നത് മൂലം അടച്ചു. റഫ അതിർത്തി വീണ്ടും തുറന്നതോടെ, 80ലധികം രോഗികളെ ഈജിപ്തിൽ എത്തിച്ചു. ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഫോണിൽ സംസാരിച്ചു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അതിനിടെ ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ചർച്ച ചെയ്യുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ബന്ദികളാക്കിയവരെ രക്ഷിക്കുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഇസ്രയേൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. എന്നാൽ ആശുപത്രികളിൽ ആക്രമണം രൂക്ഷമായതോട, ചർച്ചയിൽ നിന്ന് പിന്മാറിയതായി ഹമാസ് അറിയിച്ചു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.

No comments