കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലേക്കുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലേക്കുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
കേരളത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പത്തനംതിട്ടയില്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ടെക്‌നോപാര്‍ക്കിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ ( 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍ മഴ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍ , ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലൈ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണ്.
ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അറിയിക്കുന്നു.

No comments