മുതിർന്ന സിപിഎം തേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു
മുതിർന്ന സിപിഎം തേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു
സിപിഎം സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് വേർപെട്ടുവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളായിരുന്നു എന്‍ ശങ്കരയ്യ.
1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസു വരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബിഎയ്ക്ക് ചേര്‍ന്നെങ്കിലും അവസാന പരീക്ഷയ്ക്ക് 15 ദിവസം ബാക്കിയിരിക്കെ ജയിലിലായി.
ഭഗത് സിങ്ങിന്റെ ത്യാഗത്തില്‍ ആവേശം കൊണ്ടാണ് ഒമ്പതാം വയസ്സില്‍ താന്‍ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962ല്‍ ഇന്ത്യ ചൈന യുദ്ധ സമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു.
1965 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
ഭാര്യ പരേതയായ നവമണി അമ്മാള്‍. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.

No comments