Breaking News

ലോകകപ്പ് യോഗ്യത: അര്‍ജന്‍റീനക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി; കുവൈത്തിനെ വീഴ്ത്തി ഇന്ത്യ

 ലോകകപ്പ് യോഗ്യത: അര്‍ജന്‍റീനക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി; കുവൈത്തിനെ വീഴ്ത്തി ഇന്ത്യ




ബ്യണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍ ന്യൂനസുമാണ് യുറുഗ്വോയുടെ ഗോളുകള്‍നേടിയത്. 41-ാ മിനിറ്റില്‍ അറൗജോയിലൂടെ ലീഡെടുത്ത യുറുഗ്വേ 87-ാം മിനിറ്റില്‍ ന്യൂനസിന്‍റെ ഗോളിലൂടെ ജയം ഉറപ്പിച്ചു.

ഡിസംബറില്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീനയുടെ ആദ്യ തോല്‍വിയാണിത്. ലോകകപ്പ് ആദ്യ റൗണ്ടില്‍ സൗദി അറേബ്യയോടാണ് ഇതിന് മുമ്പ് അര്‍ജന്‍റീന അവസാനമായി തോല്‍വി അറിഞ്ഞത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ 57ാം മിനിറ്റില്‍ നായകൻ ലിയോണല്‍ മെസിയെടുത്ത ഫ്രീ കിക്ക് യുറുഗ്വേന്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അര്‍ജന്‍റീനയുടെ നിര്‍ഭാഗ്യമായി.

തോറ്റെങ്കിലും ലാറ്റിനമേരിക്കല്‍ യോഗ്യതാ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 10 പോയന്‍റുമായി അര്‍ജന്‍റീന തന്നെയാണ് മുന്നില്‍. യുറുഗ്വേക്കും 10 പോയന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമതാണ്. മ്പത് പോയന്‍റുള്ള കൊളംബിയ മൂന്നാമതും എട്ട് പോയന്‍റുള്ള വെനസ്വേല നാലാമതുമാണ്.


അതേസമയം മറ്റൊരു പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലും തോല്‍വി അറിഞ്ഞു. കൊളംബിയ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെ വീഴ്ത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നാലാം മിനിറ്റിൽ ലീഡെടുത്തശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി ബ്രസീല്‍ തോല്‍വി വഴങ്ങിയത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ബ്രീസിലിന് തുടക്കത്തിലെ ലീഡ് സമ്മാനിച്ചത്. എന്നാല്‍ 25-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഇടതു തുടയില്‍ പരിക്കേറ്റ് മടങ്ങിയതോടെ ബ്രസീലിന്‍റെ പദ്ധതികള്‍ തകിടം മറിഞ്ഞു.

No comments