ഒരു വർഷം മുൻപേ ആസൂത്രണം പല കുട്ടികളെയും നോട്ടമിട്ടു, നിലവില്‍ 3 പ്രതികള്‍ റിയൽ ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് എഡിജിപി
ഒരു വർഷം മുൻപേ ആസൂത്രണം
പല കുട്ടികളെയും നോട്ടമിട്ടു, നിലവില്‍ 3 പ്രതികള്‍
റിയൽ ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് എഡിജിപി
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് എഡിജിപി എം ആർ അജിത് കുമാർ. പൊലീസിന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. കേസിന്‍റെ തുടക്കത്തില്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായിരുന്നു മുൻഗണന. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകിയത്. കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു
എം നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വലിയ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. കേസ് ഏറെ സങ്കീർണമായിരുന്നു. കൂടുതൽ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 96 മണിക്കൂറിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചത്. സൈബർ വിശകലനവും കേസന്വേഷണത്തെ സഹായിച്ചു. തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടപ്പാക്കി. കടുത്ത സമ്മർദ്ദമുണ്ടായെങ്കിലും കൃത്യമായ വഴിയിൽ അന്വേഷണം നടന്നു. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ എഡിജിപി അഭിനന്ദിച്ചു.
കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും എഡിജിപി പറഞ്ഞു. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസില്‍ പ്രതികള്‍. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നാലാമത് ഒരാള്‍ ഉണ്ട് എന്ന് കണ്ടെത്താനായിട്ടില്ല. പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എങ്ങനെയും സാമ്പത്തിക ബാധ്യത മറികടക്കാനായിരുന്നു ശ്രമമെന്നാണ് പത്മകുമാറിന്റെ മൊഴി.
തട്ടിക്കൊണ്ടുപോകലിന് ഒരു വർഷം മുൻപേ ആസൂത്രണം തുടങ്ങിയിരുന്നു. സ്ഥിരമായി യാത്ര ചെയ്ത്, തട്ടിക്കൊണ്ടുപോകാൻ സാധിക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും കുട്ടികളെ ഒരാഴ്ചയിലധികം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെയും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നു. രണ്ട് തവണ വ്യാജ നമ്പര്‍ പ്ലേറ്റ് നിർമ്മിച്ചിരുന്നു.
കുട്ടിയുടെ സഹോദരന്‍ ജൊനാഥന്റെ ഇടപെടൽ കൃത്യമായിരുന്നു. കുട്ടിയുടെ സഹോദരനിൽ നിന്നുണ്ടായത് അപ്രതീക്ഷിത പ്രതികരണമായിരുന്നു. റിയൽ ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ എഡിജിപി ജോനാഥനെ അഭിനന്ദിച്ചു.

No comments