കുഞ്ഞിന് ഉറങ്ങാൻ മരുന്ന് നൽകി, വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് ഒരു വർഷം മുൻപ്; കൂടുതൽ മൊഴി പുറത്ത്
കുഞ്ഞിന് ഉറങ്ങാൻ മരുന്ന് നൽകി, വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് ഒരു വർഷം മുൻപ്; കൂടുതൽ മൊഴി പുറത്ത്
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിക്ക് ഉറങ്ങാൻ ചില മരുന്നുകൾ നൽകിയെന്ന് പ്രതികളുടെ മൊഴി. കുട്ടി കരയാതിരിക്കാൻ അച്ഛന്റെ കൂട്ടുകാർ എന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഒരു വർഷം മുമ്പാണ് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചത്. കൊല്ലം പള്ളിമുക്കിൽ നിന്നാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്കൂൾ ബാഗ് നശിപ്പിച്ചുവെന്നും പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂവരെയും ഒരുമിച്ചിരുന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്തു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അന്വേഷണസംഘം പ്രതി പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുകയാണ്. രണ്ടു കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. വായ്പ ഉൾപ്പെടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. തെങ്കാശിയിലെ തോട്ടം വാങ്ങിയത് അടുത്തിടെ എന്ന സൂചനയുമുണ്ട്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനെത്തിയ കാർ ഓടിച്ചിരുന്നത് പത്മകുമാറാണെന്നും ഭാര്യ അനിതയും മകൾ അനുപമയും കാറിലുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിനെ കാറിലേക്ക് വലിച്ചുകയറ്റിയത് അനിതയാണ്. ഫോൺ വിളിച്ച് മോചന ദ്രവ്യം ആവശ്യപെട്ടതും അനിതയാണ്. കിഴക്കനേലയിലെ ഗിരിജയുടെ കടയിൽ വന്നത് പത്മ കുമാറിന്റെ ഭാര്യയാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.
കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാർ പറഞ്ഞു. നഴ്സിംഗ് പഠനത്തിന് അഞ്ച് ലക്ഷം രൂപ റെജിക്ക് നൽകിയെന്നും അത് തിരിച്ചുകിട്ടാനുള്ള ശ്രമമായിരുന്നുവെന്നുമുള്ള ഇന്നലത്തെ മൊഴി പൊലീസിനെ വഴി തെറ്റിക്കാനായിരുന്നുവെന്നും ഇയാൾ മൊഴിയിൽ പറയുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടാൻ നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലെന്ന ആദ്യ മൊഴിയാണ് ഇതോടെ പൊളിഞ്ഞത്.

No comments