Breaking News

വിളര്‍ച്ചയും വിശപ്പില്ലായ്മയും, പാലക്കാട് സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്!

 വിളര്‍ച്ചയും വിശപ്പില്ലായ്മയും, പാലക്കാട് സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്!




കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിയുടെ വയറ്റില്‍ നിന്നും ഓപ്പറേഷനിലൂടെ പുറത്തെടുത്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്. വിളര്‍ച്ചയും വിശപ്പില്ലായ്മയും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിനി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആശുപത്രി അധികൃതരെയും വീട്ടുകാരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. അസുഖവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ പെണ്‍കുട്ടിയും ബന്ധുക്കളും സര്‍ജറി വിഭാഗത്തിലെ ഡോ. വൈ ഷാജഹാനെ സമീപിക്കുകയായിരുന്നു. പരിശോധനക്ക് ശേഷം സ്‌കാനിംഗ് എടുക്കാനായി ഡോക്ടര്‍ നിര്‍ദേശിച്ചു.

സ്‌കാനിംഗില്‍ റിപ്പോര്‍ട്ടില്‍ ഏകദേശം 30 സെന്റിമീറ്റര്‍ നീളത്തിലും 15 സെന്റിമീറ്റര്‍ വീതിയിലും ഭീമന്‍ മുടിക്കെട്ട് വയറ്റില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ട്രൈക്കോ ബിസയര്‍ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയിരുന്നുവെങ്കിലും ഇത്രത്തോളം തീവ്രതയുണ്ടാവുമെന്ന് ഡോക്ടര്‍ പോലും കരുതിയിരുന്നില്ല.




ആഹാര അംശങ്ങളുമായി ചേര്‍ന്ന് മുടിക്കെട്ട് ആമാശയ രൂപത്തിന് സമാനമായ രീതിയില്‍ ട്യൂമറായി മാറിയിരുന്നു. ഇതുമൂലമാണ് രോഗിക്ക് വിളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

എന്നാല്‍ ഈ രോഗാവസ്ഥ സംബന്ധിച്ച് പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ യാതൊരുവിധ അറിവുമുണ്ടായിരുന്നില്ല. കുട്ടിയുടെ തലയില്‍ അവിടെവിടെയായി മുടി കൊഴിഞ്ഞതുപോലെ കാണപ്പെട്ടിരുന്നു. ഇതാണ് ഡോക്ടര്‍മാരിലും സംശയമുണര്‍ത്തിയത്. മണിക്കൂറുകള്‍ നീണ്ട സര്‍ജറിയില്‍ ഡോക്ടര്‍മാരായ അഞ്ജലി, വൈശാഖ്, ജെറി, ജിതിന്‍, അബ്ദുല്‍ ലത്തീഫ് എന്നിവരും സര്‍ജറിയില്‍ പങ്കാളികളായി

No comments