Breaking News

‘ഹിന്ദു യുവതി അന്യമതസ്ഥനോട് സംസാരിക്കരുത്’, കര്‍ണാടകയില്‍ മലയാളി യുവാവിന് നേരെ സദാചാര ആക്രമണം, നാല് പേര്‍ അറസ്റ്റില്‍

 ‘ഹിന്ദു യുവതി അന്യമതസ്ഥനോട് സംസാരിക്കരുത്’, കര്‍ണാടകയില്‍ മലയാളി യുവാവിന് നേരെ സദാചാര ആക്രമണം, നാല് പേര്‍ അറസ്റ്റില്‍




മംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര ആക്രമണം. സംഭവത്തില്‍ ശ്രീരാമസേനാ പ്രവര്‍ത്തകരടക്കം നാല് പേരെ പോലീസ് പിടികൂടി. മംഗളൂരുവിലെ പനമ്പൂര്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു സംഭവം.

ഹിന്ദു യുവതി മുസ്‌ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആക്രോശിച്ചായിരുന്നു യുവാവിനും സുഹൃത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം നടന്നത്.

അക്രമി സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവം കണ്ട് ആരോ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ബണ്ടാല്‍ സ്വദേശിയായ മലയാളി യുവാവും ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയും സുഹൃത്തുക്കളാണ്. വൈകിട്ട് ബീച്ചിലൂടെ നടക്കുമ്പോഴാണ് ഇരുവരും സദാചാര ആക്രമണത്തിന് ഇരയാകുന്നത്. കാവി ഷാള്‍ കഴുത്തിലും തലയിലും അണിഞ്ഞെത്തിയ സംഘം ഇരുവരെയും തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയായിരുന്നു.

മുസ്‌ലിം വിഭാഗക്കാരനായ യുവാവിനൊപ്പം എന്തിനാണ് നടക്കുന്നത് എന്ന് ചോദിച്ചാണ് അക്രമി സംഘം യുവതിയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സംഘത്തില്‍പ്പെട്ടവര്‍ തന്നെ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീര്‍ (26), കീര്‍ത്തന്‍ പൂജാരി (20), ബണ്ടാള്‍ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്നു പേര്‍ ശ്രീരാമസേനാ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

No comments