Breaking News

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഇന്ന് കുറ്റപത്രം സമർപ്പിക്കും

 ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഇന്ന് കുറ്റപത്രം സമർപ്പിക്കും




കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് 1000 പേജ് ഉള്ള കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികൾ. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.

നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്നായിരുന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.‌ സഹോദരനൊപ്പം പോകുകയായിരുന്ന കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പത്മകുമാറിന്റെ കട ബാധ്യത തീർക്കാൻ മോചന ദ്രവ്യത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, മുറിവേൽപ്പിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ബാലികയുടെ സഹോദരനാണ് സംഭവത്തിലെ ദൃക്സാക്ഷി. സാക്ഷ്യപട്ടികയിൽ നൂറിലേറെ പേരുണ്ട്, ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ തുടരുകയാണ്.

No comments