Breaking News

കാഞ്ഞങ്ങാട് ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ കുടുക്കിയത് കാമുകിക്ക് വിളിച്ച ഫോണ്‍കോള്‍

 കാഞ്ഞങ്ങാട് ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ കുടുക്കിയത് കാമുകിക്ക് വിളിച്ച ഫോണ്‍കോള്‍




കാഞ്ഞങ്ങാട്: പടന്നക്കാട് ഉറങ്ങിക്കിടന്ന ഒമ്പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പി എ സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. (nine-year-old-girl-kidnapped-and-raped-accuse-arrested)കുടക് സ്വദേശി പി.എ.സലീമിനെ കുടുക്കിയത് കുടകിലുള്ള കാമുകിക്ക് വിളിച്ച ഫോണ്‍കോളാണ്. നാടിനെ ഞെട്ടിച്ച ക്രൂരത നടത്തിയ പ്രതി വലയിലായത് സംഭവം നടന്ന് ഒമ്പതാം നാള്‍.

അയല്‍വാസിയുടെ മൊഴിയിലെ സൂചന പ്രകാരം പ്രതി കുടക് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ പോലീസ് സംഘം കര്‍ണാടകയിലെത്തിയിരുന്നു. പിടിയിലായ സലീമിന്റെ കൈയില്‍ ഫോണുണ്ടായിരുന്നില്ല. അതിനാല്‍ ലൊക്കേഷന്‍ നോക്കി പിന്തുടരാന്‍ സാധിച്ചില്ല. എങ്കിലും ലഭിച്ച സൂചനകളും വിവരങ്ങളും വച്ച് ആദ്യം കുടകിലും പിന്നീട് മടിക്കേരിയിലും മൈസൂരുവിലും ഒടുവില്‍ ബെംഗളൂരുവിലുംവരെ ഇയാള്‍ക്കുപിന്നാലെ പോലീസുമെത്തി. പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒരിടത്തും തങ്ങാതെ ആന്ധ്രയിലേക്ക് പോകുകയായിരുന്നു. ഇയാള്‍ പോകാനിടയുള്ള ബന്ധുവീടുകളും വിളിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ഫോണുകളും പോലീസ് നിരീക്ഷിച്ചു.

ആ ഫോണ്‍ കോള്‍ കുരുക്കായി

കുടകിലെ പെണ്‍സുഹൃത്തിന്റെ ഫോണ്‍നമ്പറും അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് പ്രതി ആന്ധ്രപ്രദേശിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് പ്രതി കാമുകിയെ വിളിച്ചതോടെയാണ് അറസ്റ്റിലേക്ക് വഴി തുറന്നത്. മദ്യപിച്ച് ഉറങ്ങിക്കിടന്ന ഒരാളുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്.ഐ. അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രയിലേക്ക് കുതിച്ചു.


അവിടത്തെ ഇന്‍സ്‌പെക്ടറുടെ സഹായത്തോടെ നടത്തിയ തിരിച്ചലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതി വലയിലായത്. ആദ്യം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടിലായിരുന്നു പ്രതി. എന്നാല്‍, പോലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന്, രാത്രി ഒന്‍പതോടെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കവര്‍ച്ചചെയ്ത കമ്മല്‍ ഇയാള്‍ കാഞ്ഞങ്ങാട്ട് വിറ്റതായും പോലീസിന് മനസ്സിലായിട്ടുണ്ട്.

പകല്‍ പുറത്തിറങ്ങില്ല; രാത്രിയിലാണ് സഞ്ചാരം

ഞാണിക്കടവിലെ വീട്ടില്‍ കുടക് സ്വദേശിയായ ഒരാള്‍ താമസിക്കുന്നുണ്ടെന്നല്ലാതെ സലീമിനെക്കുറിച്ച് അയല്‍പ്പക്കക്കാര്‍ക്കുപോലും കാര്യമായൊന്നും അറിയില്ല. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുമെന്ന് അയല്‍വാസികള്‍ പറയുന്നു. 13 വയസ്സുകാരനടക്കം നാല് മക്കളുണ്ട്. ഇയാളുടെ ഭാര്യ വീട്ടുവേലയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. പകല്‍ വീട്ടില്‍ കഴിച്ചുകൂട്ടുന്ന ഇയാള്‍ തോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് നട്ടപ്പാതിരയ്ക്ക് പുറത്തേക്ക് പോകുക. സമീപ പ്രദേശങ്ങളിലെല്ലാം പുലരുവോളം കറങ്ങി നടക്കാറുണ്ട്. ഈ നടത്തം കവര്‍ച്ച നടത്താനുള്ള സൗകര്യത്തെ നോക്കിയുള്ളതാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത് ഇപ്പോഴാണ്.

തുമ്പായത് അയല്‍വാസിയുടെ മൊഴി

ഒരു വര്‍ഷം മുന്‍പ് ഞാണിക്കടവിലെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ കാണാതിയിരുന്നു. പുലര്‍ച്ചെ നാലിന് ജനാലയ്ക്കരികെ ഇയാളെ കണ്ടിരുന്നുവെന്ന് ഈ വീട്ടുകാരി പോലീസിനോട് പറഞ്ഞതാണ് അന്വേഷണത്തിന് തുമ്പായത്. തീരദേശഗ്രാമത്തിലെ ഒരു വീട്ടിലും ഇയാള്‍ കയറിയിരുന്നു.

പുലര്‍ച്ചെ വീട്ടില്‍ കയറിയ ഇയാള്‍ സ്ത്രീയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചോടി. ഇവിടെനിന്ന് മൂന്നരക്കിലോമീറ്റര്‍ വടക്കുള്ള ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യത്തില്‍ ഇയാള്‍ ഓടുന്നത് കണ്ടിരുന്നു. ഈ സ്ത്രീ പറഞ്ഞതും പോലീസ് അന്വേഷണത്തിന് നിര്‍ണായകമായി.


മോഷണമായിരുന്നു ലക്ഷ്യമെന്ന് മൊഴി
മോഷണം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയെ സമീപിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ബഹളം വയ്ക്കുമെന്ന് തോന്നിയപ്പോള്‍ വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടു പോവുകയായിരുന്നു. വയലിലെത്തിച്ച് കമ്മല്‍ അഴിമച്ചുമാറ്റിയതിന് ശേഷമാണ് പീഡനത്തിന് തുനിഞ്ഞതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.

No comments