യുഎഇയിലെ സന്ദര്‍ശകവിസ പരിശോധന: മലയാളി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാലു ദിവസം
യുഎഇയിലെ സന്ദര്‍ശകവിസ പരിശോധന: മലയാളി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാലു ദിവസം
മലയാളി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാലു ദിവസം. സന്ദര്‍ശകവിസയില്‍ ദുബായിലെത്തിയ മലയാളി, മതിയായ യാത്രാരേഖകളില്ലാത്തതിനാല്‍ നാലുദിവസം വിമാനത്താവളത്തില്‍ തങ്ങിയശേഷം മടങ്ങി. 15-ന് കൊച്ചി വിമാനത്താവളത്തില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലെത്തിയ അബിനാണ് ഈ ദുരവസ്ഥയുണ്ടായത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അബിന്‍ വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷന്‍ അധികൃതര്‍ മടക്കയാത്രയുടെ ടിക്കറ്റും രാജ്യത്ത് ചെലവഴിക്കാന്‍ ആവശ്യമായ പണവും (കുറഞ്ഞത് 3000 ദിര്‍ഹം) കൈയിലുണ്ടോയെന്ന് അന്വേഷിച്ചു. അതെല്ലാം കാണിച്ചെങ്കിലും അവര്‍ ആവശ്യപ്പെട്ടപ്രകാരം ദുബായിലെ താമസത്തിന്റെ തെളിവൊന്നും നല്‍കാനായില്ല.
ബന്ധുവിനൊപ്പമാണ് താമസിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ട് ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നില്ല. ബന്ധുവിന്റെ എമിറേറ്റ്‌സ് ഐ.ഡി.യുടെയോ താമസരേഖയുടെയോ വിവരങ്ങള്‍ കൈയില്‍ സൂക്ഷിച്ചുമില്ല. അതാണ് വിനയായത്. മുന്‍പ് പലതവണ ദുബായില്‍ സന്ദര്‍ശകവിസയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ഇതാദ്യമായാണെന്ന് അബിന്‍ പറഞ്ഞു. ഇന്ത്യയിലെ ട്രാവല്‍ ഏജന്റും ബന്ധുവും സന്ദര്‍ശകവിസക്കാര്‍ക്ക് നിയമം കര്‍ശനമാക്കിയ വിവരം അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ നാലുദിവസമാണ് കഴിയേണ്ടിവന്നത്. ഒടുവില്‍ 19-ന് അതേ എയര്‍ലൈനിന്റെ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി -അബിന്‍ പറഞ്ഞു.
യു.എ.ഇ.യിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ അഭിഷേകിനും സമാന അനുഭവമുണ്ടായി. ദുബായില്‍ ഭാര്യയുടെ സഹോദരനെ കാണാനായാണ് അഭിഷേക് പുറപ്പെട്ടത്. എന്നാല്‍, കൊച്ചിയിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ സന്ദര്‍ശന വിസയുടെ അത്രതന്നെ കാലാവധിയില്‍ ഹോട്ടല്‍ താമസബുക്കിങ്, ആവശ്യത്തിന് പണം എന്നിവയെല്ലാം കൈയിലുണ്ടെങ്കിലേ യു.എ.ഇ.യിലേക്ക് പ്രവേശിക്കാനാവൂ എന്ന് അധികൃതര്‍ പറയുകയായിരുന്നു. കൈയില്‍ 50,000 രൂപ ഉണ്ടായിരുന്നു. എന്നാല്‍, പണം ദിര്‍ഹമാക്കി കാണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ദുബായിലുള്ള അമ്മാവന്റെ എമിറേറ്റ്‌സ് ഐ.ഡി.യും താമസരേഖകളും കാണിച്ചെങ്കിലും രക്ഷയുണ്ടായില്ല. യാത്രാനടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഏറെവൈകിയെന്ന് അഭിഷേക് പറഞ്ഞു. ഒടുവില്‍ യാത്ര മുടങ്ങി. ടിക്കറ്റിന് ചെലവഴിച്ച പണം തിരികെ കിട്ടിയുമില്ലെന്ന് അഭിഷേകിന്റെ ബന്ധു ബിജേഷ് പറഞ്ഞു.

No comments