Breaking News

'ഇന്ത്യയുടെ വീണ്ടെടുപ്പ്' ബിജെപിയ്ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ സഖ്യം; 'ഒറ്റയ്ക്കില്ല' ബിജെപി, ദേശീയ രാഷ്ട്രീയത്തില്‍ കിങ് മേക്കര്‍മാരുടെ ഉദയം; കേരളത്തില്‍ ഇക്കുറിയും കനലൊരു തരി മാത്രം

 'ഇന്ത്യയുടെ വീണ്ടെടുപ്പ്' ബിജെപിയ്ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ സഖ്യം; 'ഒറ്റയ്ക്കില്ല' ബിജെപി, ദേശീയ രാഷ്ട്രീയത്തില്‍ കിങ് മേക്കര്‍മാരുടെ ഉദയം; കേരളത്തില്‍ ഇക്കുറിയും കനലൊരു തരി മാത്രം




2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി കുതിച്ചു നിന്ന ബിജെപിയെ അവശതയുടെ പടുകുഴിയില്‍ കിടന്നൊരു സംഘം ഒന്നിച്ചു നിന്ന് പിടിച്ചുകെട്ടിയെന്നാണ്. പ്രതിപക്ഷ നേതാക്കളെ അകത്താക്കിയും കേസില്‍ കുടുക്കിയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത് ആ പാര്‍ട്ടിയുടെ പ്രചാരണത്തെ തന്നെ അവതാളത്തിലാക്കി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചൊരു അധികാര സംഘത്തിന്റെ കണക്കുകൂട്ടലുകള്‍ അട്ടിമറിച്ചൊരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അബ് കി ബാര്‍ ചാര്‍ സൗ പാര്‍ എന്ന് പറഞ്ഞു മോദി ഗ്യാരന്റിയെന്ന വീണ്‍വാക്കും പറഞ്ഞു രാജ്യമൊട്ടാകെ ഓടി നടന്ന ഒരു പ്രധാനമന്ത്രിയുടെ മുന്നണിയ്ക്ക് 300 കടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. വാരണാസിയില്‍ നാലര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞകുറി ജയിച്ച പിഎം മോദി ഇക്കുറി ഒന്നരലക്ഷം കടന്നത് കിതച്ചാണ്.

ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശാണ് മോദിയ്ക്കും കൂട്ടര്‍ക്കും ഷോക്കേകിയത്. യുപി കെ ലഡ്‌കെ ട്രെന്‍ഡില്‍ അഖിലേഷ് യാദവ് – രാഹുല്‍ ഗാന്ധി സഖ്യം 80ല്‍ 43 സീറ്റുകള്‍ പൊതിഞ്ഞു പിടിച്ചപ്പോള്‍ 2019ല്‍ 62 സീറ്റ് നേടിയ ബിജെപി 33ലേക്ക് ഇടറി വീണു. മഹാരാഷ്ട്രയില്‍ പിളര്‍ത്തിയെടുത്ത് ഒപ്പം നിര്‍ത്തിയവരൊക്കെ വെറും പേപ്പര്‍ പുലികള്‍ മാത്രമെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പമെന്ന മട്ടിലാണ് ഫലം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസാണ് സീറ്റിന്റെ കാര്യത്തില്‍ മുന്നില്‍, 48ല്‍ 12. പിന്നാലെയുള്ള ബിജെപിയ്ക്ക് 11. കോണ്‍ഗ്രസിനൊപ്പം നിന്ന ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്ക് 10, ശരദ് പവാറിന്റെ എന്‍സിപയ്ക്ക് 7. പിളര്‍ന്ന് പോയ എന്‍സിപിയ്ക്ക് 1ഉം പിളര്‍ന്ന് മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിയ്ക്ക് 6ഉം മാത്രമാണ് കിട്ടിയത്. മഹാരാഷ്ട്രയും യുപിയും തിരിഞ്ഞെങ്കിലും മധ്യപ്രദേശ് ഒരല്‍പം പോലും മാറാതെ 29ല്‍ 29ഉം ബിജെപിയ്ക്ക് നല്‍കി. ഗുജറാത്തില്‍ കനലൊരു തരിയായി ഒരു സീറ്റ് മാത്രമായി കോണ്‍ഗ്രസ്. 26ല്‍ 25ഉം ബിജെപിയുടെ കുത്തകയായി.

പശ്ചിമ ബംഗാളില്‍ സഖ്യമില്ലാതെ മല്‍സരിച്ചെങ്കിലും 29 സീറ്റ് മമത ബാനര്‍ജി നേടി ബംഗാളിലെ കിങ് മേക്കറായി. പക്ഷേ 12 സീറ്റുകള്‍ ബിജെപി പിടിച്ചു ആ ഭിന്നിച്ച ഇന്ത്യ മുന്നണി വോട്ടുകള്‍ക്കിടയില്‍. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി. ബിഹാറില്‍ എന്‍ഡിഎ മുന്നണിയ്ക്കായി മല്‍സരിച്ച ബിജെപി 12 സീറ്റും ജെഡിയു 12 സീറ്റും നേടി. കോണ്‍ഗ്രസ് 3 സീറ്റും ആര്‍ജെഡി 4 സീറ്റും നേടി. ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ വിജയിച്ചില്ലെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തരംഗത്തില്‍ ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും വീണടിഞ്ഞു. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കിങ് മേക്കറാകാന്‍ നായിഡുവിനും അവസരം കൈവന്നിരിക്കുകയാണ്.

No comments