Breaking News

ഓണക്കാലത്തു കോവിഡ് -19 സമൂഹ്യ വ്യാപനം തടയുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം :ഡി എം ഓ

കാസറഗോഡ്  : ജില്ലയിൽ  കോവിഡ്‌ കേസുകൾ  വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വർഷം ഓണത്തോടനുബന്ധിച്ച എല്ലാ ആഘോഷങ്ങളും പരിപാടികളും അതീവ ജാഗ്രതയോടെ ലളിതമായ രീതിയിൽ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാംദാസ് എ .വി അറിയിച്ചു.

        സമ്പർക്കമുണ്ടാക്കുന്ന എല്ലാതരം പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്ന് രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഓണാഘോഷത്തിലെ പ്രധാന ചടങ്ങായ പൂക്കളമിടുന്നതിന് വീട്ടുമുറ്റത്തെ പൂക്കൾ മാത്രം ഉപയോഗിക്കുക, ഓണസദ്യ വീട്ടിൽ നിന്നു മാത്രമാക്കുക, ഷോപ്പിംഗ് വീട്ടിലെ ഒന്നോ രണ്ടോ പേരെ മാത്രം ഉപയോഗിച്ച് നടത്തുക, പ്രായമായവരെയും കുട്ടികളെയും ഷോപ്പിംഗിനു കൊണ്ടു പോകാതിരിക്കുക, കടകളിൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ശരിയായ രീതിയിൽ ധരിച്ചും മാത്രം കയറുക, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കുറിച്ച് കൊണ്ട് പോകുക , സാനിറ്റൈസർ എപ്പോഴും കയ്യിൽ കരുതുകയും ഇടയ്ക്കിടെ ഉപയോഗിക്കുകയും ചെയ്യുക, കുടുംബ - അയൽപക്ക സന്ദർശനങ്ങളും ഒത്തുചേർന്നുള്ള ഭക്ഷണം കഴിക്കലും ഒഴിവാക്കുക തുടങ്ങി സമ്പർക്ക സാധ്യത ഇല്ലാതാക്കാനുള്ള എല്ലാ മുൻകരുതലുകളും മാർഗങ്ങളും എല്ലാവരും അവലംബിക്കേണ്ടതുണ്ട്.  കിടപ്പു രോഗികളെയും മറ്റു ഗുരുതര രോഗമുള്ളവരെയും സമ്പർക്കമില്ലാതെ പ്രത്യേകമായി ശ്രദ്ധിക്കണം.
           

വ്യാപാരികൾ ആൾക്കൂട്ടമുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കണം. മാർക്കു ചെയ്ത ക്യു സംവിധാനം കാര്യക്ഷമമായി ഏർപ്പെടുത്തണം. ഒരേ സമയം അഞ്ചിലധികം പേരെ കടയിലേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്. മാസ്ക് ശരിയായി ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗിന് മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കാനുള്ള സൗകര്യം കടയോടനുബന്ധിച്ച് ഒരുക്കിയിരിക്കണം. കടകളിലെ ജീവനക്കാർ മാസ്കും ഗ്ലൗസും അടക്കമുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
         
        ഓണം മാനവ ഐക്യത്തിൻറെയും ഐശ്വര്യത്തിൻറെയും ഉത്സവമാണെന്നും കോവിഡെന്ന മഹാമാരിയെ അതിജീവിക്കാനുള്ള ജാഗ്രതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനമാണ് ഈ ഓണക്കാലം നമ്മോട് ആവശ്യപ്പെടുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ സന്ദേശത്തിൽ അറിയിച്ചു.
 '

No comments