വായിൽ വെള്ളം നിറച്ച ശേഷം കൊവിഡ് പോസിറ്റീവ് ഉണ്ടോയെന്ന് കണ്ടെത്താം; കൊവിഡ് വാക്‌സിൻ സജ്ജമായാൽ ഇന്ത്യയിൽ എത്തിക്കാൻ നീക്കം.
ഇനി വായിൽ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാൽ കൊവിഡ് പോസിറ്റീവ് ഉണ്ടോയെന്ന് കണ്ടെത്താം. കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാനുള്ള പുതിയ രീതി ഡൽഹി എയിംസാണ് നടപ്പാക്കുന്നത്. എയിംസിലെ 50 രോഗികളിൽ നടത്തിയ പരീക്ഷണം വിജയകരമായതായി ഐ.സി.എം.ആർ അറിയിച്ചു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാദ്ധ്യത കുറയുമെന്നാണ് കണ്ടെത്തൽ.
ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നാണ് ഐ.സി.എം.ആർ വിശദീകരിക്കുന്നത്
കൊവിഡ് വാക്‌സിൻ സജ്ജമായാൽ ഉടൻ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. രാജ്യത്ത് 50 ലക്ഷം വാക്‌സിൻ എത്തിക്കുമെന്നാണ് വിവരം. മുൻനിര പ്രതിരോധ പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന നൽകുക. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്‌ഫോർഡ് വാക്‌സിൻ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന.
അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
No comments