'തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നു'; കോവിഡിൽ കേന്ദ്രത്തിനെതിരെ രാഹുൽ
കൊവിഡ് പ്രതിരോധ വാക്സീന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്. എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഈ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ എഴുപത്തയ്യായിരത്തിലധികം പേര്‍ കോവിഡ് ബാധിതരായി. രോഗമുക്തി നിരക്ക് ഉയരുമ്പോഴും പ്രതിദിന രോഗബാധയും വന്‍തോതില്‍ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 75,760 കേസും 1,023 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 33,10,234 പേര്‍ക്കാണ്.
മരണസംഖ്യ 60,472. ചികില്‍സയിലുള്ളത് 7,25,991 രോഗികള്‍. 25,23,771 പേര്‍ക്ക് രോഗം ഭേദമായി. രോഗ മുക്തി നിരക്ക് 76.24 ശതമാനവും മരണ നിരക്ക് 1.83 ശതമാനവുമാണ്. ഇന്നലെ മാത്രം 9,24,998 സാംപിള്‍ പരിശോധിച്ചതായി െഎസിഎംആര്‍ അറിയിച്ചു. ഇന്നലെവരെ ആകെ പരിശോധിച്ചത് 3,85,76,510 സാംപിളാണ്

No comments