Breaking News

എലിപ്പനി; ജാഗ്രത വേണം, മുന്‍കരുതലുകള്‍ സ്വീകരിക്കണം: ആരോഗ്യമന്ത്രി. വെള്ളപ്പൊക്ക മലിനജലത്തിൽ ഇറങ്ങിയവർ നിർബന്ധമായും ഡോക്സിസൈക്ലിൻ ക്യാപ്സ്യൂൾ കഴിക്കണം.




തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രളയസാധ്യത ഉള്ളതിനാല്‍ തന്നെ പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനിയെന്നും ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലാ എന്നും ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ പ്രളയത്തിലും നിരവധി പേര്‍ക്ക് എലിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിനിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു.

ഇത്തവണയും എലിപ്പനി ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് ഡോക്‌സി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട് - മന്ത്രി വ്യക്തമാക്കി.

മലിനജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

No comments