Breaking News

പെട്ടിമലയിൽ സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു; എല്ലാ കുടുംബങ്ങൾക്കും വീട്, വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം സർക്കാർ വഹിക്കും



രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പുരധിവാസ പാക്കേജ് പ്രഖ്യപിച്ചു. കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്നും വിദ്യാർത്ഥികളുടെ തുടർ പഠനത്തിനായുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ദുരന്ത സ്ഥലം ഗവർണറും മന്ത്രിമാരുമൊത്ത് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണ മടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എല്ലാ കുടുംബങ്ങൾക്കും വീട് നിർമ്മിച്ചു നൽകാനാണ് സർക്കാരിൻറെ തീരുമാനം. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. അക്കാര്യം കമ്പനി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വെച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നിർമ്മാണത്തിൽ കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിർമ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. അതിൽ കമ്പനിക്ക് സാദ്ധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു

അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.

No comments