Breaking News

പാര്‍ട്ടി പറയുന്നത് സച്ചിന്‍ പൈലറ്റ് ഇനി കേള്‍ക്കുമെന്ന് കോണ്‍ഗ്രസ്; പൈലറ്റ് പക്ഷ എം.എല്‍.എമാര്‍ ഇന്ന് സംസ്ഥാനത്തേക്ക് മടങ്ങും



ജയ്പൂര്‍: രാജസ്ഥാനിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് ഇനി കോണ്‍ഗ്രസിന് വേണ്ടിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സച്ചിന്‍ പക്ഷത്തിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് വേണ്ടി മൂന്നംഗ പാനലിനെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. പാനലിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി വിഷയത്തില്‍ തീരുമാനമെടുക്കും.

അതേ സമയം അശോക് ഗെലോട്ടിന്റെ പ്രവര്‍ത്തന ശൈലിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉറപ്പ് കൊടുത്തു. പൈലറ്റ് ക്യാമ്പ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി പാനലിനെയും നിയോഗിച്ചിട്ടുണ്ട്.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയെ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് പൈലറ്റ് ക്യാമ്പ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പൈലറ്റ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുഭവത്തിന് നേര്‍ വിപരീതമാണിത്.

കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം. ദല്‍ഹിയില്‍ വെച്ചു തന്നെയാണ് ഈ കൂടിക്കാഴ്ചയും നടന്നത്.

No comments