Breaking News

‘മാപ്പ് ചോദിക്കുന്നത് എന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യം’; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മൂന്നംഗ ബെഞ്ചിനോട് പ്രശാന്ത് ഭൂഷണ്‍


ന്യൂദല്‍ഹി: ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് എന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നംഗ ബെഞ്ചിനോടാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മാര്‍ഥമായി പശ്ചാത്തപിച്ചാണ് ക്ഷമ ചോദിക്കേണ്ടത്. അതില്ലാതെ പറയുന്ന മാപ്പ് എന്റെ മനസാക്ഷിയേയും പരമോന്നത നീതി പീഠത്തെയും അവഹേളിക്കുന്നതിന് തുല്യമാണ് -അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു. വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞിരുന്നു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചിരുന്നു.

പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് ആഗസ്റ്റ് 14 നാണ് സുപ്രീംകോടതി വിധിച്ചത്. ഭൂഷണെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

No comments