Breaking News

യുവാക്കള്‍ക്കെതിരേ വംശീയാതിക്രമം: പോലിസ് സ്‌റ്റേഷന്‍ ആര്‍.എസ്.എസ് ക്രിമിനലുകളുടെ താവളമായി മാറുന്നുവെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: പാലക്കാട് നോര്‍ത്ത് എസ്.ഐ സുധീഷിന്റെ കുമാറിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്കെതിരേ വംശീയാതിക്രമം നടത്തിയത് പോലിസ് സ്‌റ്റേഷന്‍ ആര്‍.എസ്.എസ് ക്രമിനലുകളുടെ താവളമായി മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍. മനുഷ്യത്വത്തിനു പോലും നിരക്കാത്ത രീതിയില്‍ യുവാക്കളെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. 'മുസ് ലിംകള്‍ക്ക് ഇനി നീ ജന്മം നല്‍കരുത്' എന്ന് ആക്രോശിച്ച് എസ്.ഐ യുവാവിന്റെ സ്വകാര്യഭാഗത്ത് കുരുമുളക് സ്േ്രപ ചെയ്ത് കത്തിച്ചെന്നാണ് യുവാക്കള്‍ പറയുന്നത്. വംശീയതയുടെ ഭീഭല്‍സ രൂപമായ യു.പി പോലിസ് മാതൃകയിലാണ് ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പോലിസും പ്രവര്‍ത്തിക്കുന്നത്. എസ്.ഐ രണ്ടു തുടയിലും ബൂട്ടുപയോഗിച്ച് കയറി നിന്ന് മറ്റു പോലീസുകാരെ കൊണ്ട് കാലിനടിയിലേക്ക് ലാത്തികൊണ്ട് അടിപ്പിച്ച് കാല്‍പാദം നിലത്ത് വെക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമന്ത്രി സംസ്ഥാന പോലിസിന്റെ നിയന്ത്രണം ആര്‍.എസ്.എസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ നിന്നു പോലിസിനെ മോചിപ്പിക്കാനുള്ള ആര്‍ജ്ജവം പിണറായി വിജയന്‍ കാണിക്കണം. അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരേ ഇത്തരത്തില്‍ പെരുമാറാനാണ് ഇടതുസര്‍ക്കാര്‍ തീരുമാനമെന്ന് സമ്മതിക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ പോലിസ് അതിക്രമത്തിനെതിരേ സി.പി.എം പ്രചാരണം നടത്തുമ്പോള്‍ തന്നെയാണ് കേരളത്തില്‍ ഒരു സമുദായത്തോടുള്ള വിദ്വേഷം തലമുറയെ തന്നെ നശിപ്പിക്കാനുള്ള ആക്രോശവുമായി പോലിസുകാര്‍ നിയമം കൈയിലെടുക്കുന്നത്. വംശീയത തലയ്ക്കു പിടിച്ച സെന്‍കുമാറിനു പഠിക്കുന്ന പോലിസുകാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെങ്കില്‍ സംസ്ഥാനത്ത് അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മുസ്‌ലിംകള്‍ക്കെതിരേ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന സുധീഷ് കുമാറിനെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനം നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

No comments