Breaking News

വർക്കലയിൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി





വർക്കലയിൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു എന്ന തീവെട്ടി ബാബു (61) വാണ് രക്ഷപെട്ടത്.

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രതികൾ രക്ഷപെടുന്നത് പതിവാകുകയാണ്. തിരുവനന്തന്തപുരം ജില്ലയിലെ റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന വർക്കല എസ്.ആർ. ഡെന്റൽ കോളജിൽ നിന്നാണ് പ്രതികൾ ചാടിപ്പോകുന്നത്. മാല മോഷണ കേസ് പ്രതി വിഷ്ണു ഇന്നലെ ചാടിപ്പോയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ അമ്പതോളം പ്രതികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്.

രണ്ട് റിമാൻഡ് പ്രതികൾ ബാത്ത് റൂം വെന്റിലേഷൻ ഇളക്കിമാറ്റി രക്ഷപ്പെട്ടത് ഈയിടെയാണ്. ഡെന്റൽ കോളജിലെ ലേഡീസ് ഹോസ്റ്റലാണ് നിലവിൽ നിരീക്ഷണകേന്ദ്രമായി പ്രവർത്തിക്കുന്നത്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ല. കായലും റെയിൽവേ ട്രാക്കും പൊന്തക്കാടുമാണ് കേന്ദ്രത്തിന് ചുറ്റുമുള്ളത്.

റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നതിന് സുരക്ഷയില്ലെന്ന് പൊലീസ് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ജില്ലയിലെ ഏതെങ്കിലും ഒരു ജയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കുകയാണ് സുരക്ഷക്ക് നല്ലതെന്ന അഭിപ്രായവും ഉയരുന്നുണ്ട്

No comments