Breaking News

ഒഴുകിവന്ന ബാഗിൽ 5 പവൻ സ്വർണം; ഉടമയിലേക്ക് ‘തിരിച്ചൊഴുക്കി’ വിജയൻ പാല് വിറ്റ് ജീവിക്കുന്ന വിജയന്റെ മനസ്സും അതുപോലെ ശുദ്ധമായതിനാൽ മണിക്കൂറുകൾക്കകം ബാഗ് ഉടമസ്ഥന്റെ പക്കൽ തിരിച്ചെത്തി.



എടത്വ • റോഡിലെ വെള്ളത്തിലൂടെ ഒഴുകി വന്ന ബാഗ് തുറന്നപ്പോൾ വിജയൻ കണ്ടത് 5 പവൻ സ്വർണവും പണവും. പാല് വിറ്റ് ജീവിക്കുന്ന വിജയന്റെ മനസ്സും അതുപോലെ ശുദ്ധമായതിനാൽ മണിക്കൂറുകൾക്കകം ബാഗ് ഉടമസ്ഥന്റെ പക്കൽ തിരിച്ചെത്തി. ക്ഷീര കർഷകനായ കറുത്തേരിൽ വിജയൻ തലവടി പാരേത്തോടിനു സമീപമുള്ള വീട്ടിലേക്ക് പാലു കൊടുക്കാൻ വെള്ളത്തിലൂടെ പോകുമ്പോഴാണ് ഒരു ബാഗ് ഒഴുകി പാടത്തേക്കു പോകുന്നതു കണ്ടിരുന്നു. തിരികെ വരുമ്പോഴും ബാഗ് അവിടെയുണ്ട്.


വഴിയാത്രക്കാരിൽ നിന്ന് നഷ്ടപ്പെട്ടത് ആകാം എന്നു കരുതി തുറന്നു നോക്കിയപ്പോൾ സ്വർണവും രൂപയും. ബാഗിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. വാർഡ് അംഗം അജിത് പിഷാരത്തിനെയും വിവരമറിയിച്ചു. തലവടി ആനപ്രമ്പാൽ നൈറ്റാരുപറമ്പിൽ ബിനുവിന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്. ഭാര്യ സിനിയുമൊത്ത് തിരുവൻവണ്ടൂർ പ്രയാറിലേക്ക് പോകുന്നതിനിടയാണ് ബാഗ് നഷ്ടപ്പെട്ടത്.


വീട്ടിൽ വെള്ളം കയറുന്നതിനാൽ ഉള്ള സ്വർണം ബാഗിൽ വച്ചു കൊണ്ടുപോകുകയായിരുന്നു. ബാഗ് എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് ഫോൺവിളി എത്തിയത്. യാത്ര മതിയാക്കി തിരികെ എത്തി സാധനങ്ങൾ ഏറ്റുവാങ്ങി.

No comments