Breaking News

വിലക്കുറവിൽ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോ

വിലക്കുറവിൽ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങി റിലയൻസ് ജിയോ. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണുകൾ വരുന്ന ഡിസംബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിനായി ഫോൺ നിർമ്മാണത്തിന് പുറംകരാര്‍ നല്‍കിക്കഴിഞ്ഞു. ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഉയർന്ന ഡേറ്റ പാക്കുകളുള്ള ഫോണുകളാവും ജിയോ പുറത്തിറക്കുക. ഇതിൽ 4ജി, 5ജി കണക്ഷനുകൾ ഉണ്ടാവുമോ എന്ന് വ്യക്തതയില്ല. ജൂലായിൽ നടന്ന ജിയോയുടെ വെർച്വൽ ഉച്ചകോടിയിൽ ഗൂഗിളുമായി കരാർ ഒപ്പിട്ടു എന്നും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ 4ജി, 5ജി ഫോണുകൾ പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്നും റിലയൻസ് സിഇഓ മുകേഷ് അംബാനി പറഞ്ഞിരുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 33,737 കോടി രൂപ ഗൂഗിൾ ജിയോയിൽ നിക്ഷേപിച്ചു. ഇതോടെ ജിയോയിൽ ഗൂഗിളിൻ്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആയി. കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം രൂപം നൽകാനും ജിയോ തീരുമാനിച്ചിരുന്നു.

വിർച്വൽ മീറ്റിൽ വാഗ്ധാനം ചെയ്ത ജിയോഫൈബർ പ്ലാനുകളും കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഇതോടൊപ്പം 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും.

No comments