Breaking News

ശ്രമിക് തീവണ്ടികളില്‍ വച്ച് 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് റെയില്‍വേ


ന്യൂഡൽഹി: ശ്രമിക് തീവണ്ടികളിൽ വച്ച് 97 കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. ലോക്ഡൗൺ കാലയളവിൽ എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ദീപക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരമാണ് 97 കുടിയേറ്റ തൊഴിലാളികൾ മരിച്ചതെന്ന് പിയൂഷ് ഗോയൽ അറിയിച്ചു.

97-ൽ 87 മൃതദേഹങ്ങൾ സംസ്ഥാനങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്. ഇതിൽ 51 പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ റെയിവേയ്ക്ക് ലഭിച്ചു.

ലോക്ഡൗൺ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ലോക്സഭയിൽ തൊഴിൽ മന്ത്രാലയമാണ് അറിയിച്ചിരുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

മെയ് ഒമ്പത് മുതൽ 27 വരെ മാത്രം 80 ഓളം കുടിയേറ്റ തൊഴിലാളികൾ മരിച്ചതായി ആർ.പി.എഫിന്റെ മെയ് മാസ റിപ്പോർട്ടിലുണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് ഏർപ്പാടാക്കിയ പ്രത്യേക സർവീസുകളാണ് ശ്രമിക് തീവണ്ടികൾ.

No comments