വാഹനരേഖകള്‍ ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡില്‍; ലൈസന്‍സും ആര്‍.സിയും ഇനി മൊബൈല്‍ ഫോണില്‍
കൈയിൽ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ടില്ല. ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വെർച്വലായി സൂക്ഷിക്കാം.കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലാണ് ഡിജിറ്റൽ രേഖയായി ലൈസൻസും ആർ.സിയും ഉപയോഗിക്കാവുന്നത്.
സംസ്ഥാനത്ത് ഉപയോഗിച്ചിരുന്ന സ്മാർട് മൂവ് എന്ന സോഫ്റ്റ്വെയറിൽനിന്ന് രേഖകളെല്ലാം വാഹൻസാരഥി സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആപ്പ് സജീവമായത്. വാഹനത്തിന്റെ ആർ.സി. ബുക്കിലെ വിശദാംശങ്ങൾക്കുപുറമേ ഇൻഷുറൻസിന്റെയും പുക പരിശോധനയുടെയും കാലാവധിയും മറ്റും ഇതിലുണ്ടാകും.
കാലാവധി കഴിഞ്ഞതാണെങ്കിൽ അതും തിരിച്ചറിയാനാകും. കേന്ദ്രസർക്കാരിന്റെത്തന്നെ ഡിജി ലോക്കർ ആപ്പിൽ ഇവരണ്ടും ഡിജിറ്റലായി സൂക്ഷിക്കാമെങ്കിലും ഇൻഷുറൻസോ പുകപരിശോധനാ സർട്ടിഫിക്കറ്റോ ലഭിക്കില്ല. റോഡുകളിലെ പരിശോധനസമയങ്ങളിൽ രേഖയായും ഇത് ഉപയോഗിക്കാം. ഒപ്പം സ്കാൻ ചെയ്യുന്നതിനായി ക്യുആർ കോഡ് സംവിധാനവും ആപ്പിലുണ്ട്.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്തശേഷം ആർ.സിയുടെയും ലൈസൻസിന്റെ നമ്പറുകൾ ഉപയോഗിച്ച് ഇവ ഡാഷ് ബോർഡിലേക്ക് മാറ്റാനാകും. പിന്നീട് പരിശോധനസമയത്ത് ആപ്പ് തുറന്ന് ഡാഷ് ബോർഡിലെ രേഖകൾ കാണിക്കാനാകുന്ന രീതിയിലാണ് സംവിധാനം.

No comments