Breaking News

‘കാണുന്നവരെയെല്ലാം കൊല്ലുക, കുട്ടികളാണെങ്കില്‍ പോലും’; റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പട്ടാളക്കാര്‍

റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സൈനീക ഉദ്ദ്യോഗസ്ഥര്‍. മ്യാന്‍മറിലെ മുന്‍ പട്ടാളക്കാരായ മ്യോ വിന്‍ ടൂണ്‍, ഴോ നയിംങ് ടൂണ്‍ എന്നീവരാണ് തങ്ങള്‍ ചെയ്ത ക്രൂരതകള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യജീവനുകളെ കൊന്നുതള്ളി, കൂട്ടിയിട്ട് കത്തിച്ചതിന്റെയും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കിയതിന്റെയും ക്രൂര ബലാല്‍സംഘത്തിന്റെയും കഥകളാണ് ഇവര്‍  ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമഖത്തില്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

‘നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക’, 2017 ഓഗസ്റ്റില്‍ മ്യോ വിന്‍ ടുണിനോട് സൈനീക മേലുദ്ദ്യോസ്ഥര്‍ പറഞ്ഞു, താന്‍ അത് അനുസരിച്ചുവെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. 30 മുസ്‌ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതിലും താന്‍ ഭാഗമായെന്നും അദ്ദേഹം പറയുന്നു. ‘കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെങ്കില്‍ പോലും’, എന്നാണ് തന്റെ സൈനീക മേലുദ്ദ്യോഗസ്ഥന്‍ പറഞ്ഞതെന്നാണ് ഴോ നയിംങ് വ്യക്തമാക്കിയത്. ‘ഞങ്ങള്‍ 20ഓളം ഗ്രാമങ്ങള്‍ തുടച്ചുനീക്കി. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ടു’, ഴോ നയിംങ് ടൂണ്‍ പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു.എന്‍ പറഞ്ഞതിന് ശേഷം മ്യാന്‍മറിന്റെ ഭാഗത്ത് നിന്ന് നടത്തുന്ന ആദ്യത്തെ കുറ്റസമ്മതമാണിത്. മ്യാന്‍മര്‍ നേതാക്കള്‍ യുഎന്നിന്റെ വാദങ്ങള്‍ നിഷേധിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക് മാറ്റിയിട്ടുണ്ട്. ഇവര്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയായിരിക്കും പരിശോധിക്കുക.

ഇത് റോഹിങ്ക്യകള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ നിര്‍ണ്ണായക നിമിഷമാണെന്നാണ് ഫോര്‍ട്ടിഫൈ റൈറ്റ്സിന്റെ ചീഫ് ഓഫീസര്‍ മാത്യൂ സ്മിത്ത് പറഞ്ഞത്. ബുദ്ധമത ഭൂരിപക്ഷങ്ങളുടെ രാജ്യമായ മ്യാന്‍മറില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് റോഹിങ്ക്യകള്‍. 2017ലാണ് റോഹിങ്ക്യന്‍ വംശഹത്യ നടക്കുന്നത്. ഇതേ വര്‍ഷം ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ 730 കുട്ടികളടക്കം 6,700ഓളം റോഹിങ്ക്യകളെ കൊന്നുകളഞ്ഞു. റോഹിങ്ക്യകളുടെ 200ഓളം വസ്തുവകകള്‍ ഉന്‍മൂലനം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

No comments