Breaking News

പിറന്നാള്‍ നിറവില്‍ മലയാള നാട്...മാമലനാടിന്റെ അറുപത്തി നാലാമത് ജന്മദിനം:ഇന്ന് കേരളപ്പിറവി


മറ്റൊരു കേരളപ്പിറവി ദിനം കൂടി സമാഗമമായി. 2020 നവംബര്‍ 1ന് കേരളം 64-ാം ജന്‍മദിനം ആഘോഷിക്കുന്നു. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത്. അങ്ങനെ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിച്ചുവരുന്നു.


 രാജ്യം ഒന്ന് :ആഘോഷം പലത്; നവംബറിലെ പ്രധാന ആഘോഷങ്ങള്

പരശുരാമന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളമെന്ന കഥയും ഐതിഹ്യങ്ങളില്‍ പ്രസിദ്ധമാണ്. കാടും മലയും കടലുമൊക്കെയായി എല്ലാത്തരം ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന കൊച്ചു കേരളം. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചരിത്രാതീത കാലം മുതല്‍ക്കേ ലോകശ്രദ്ധ നേടിയതാണ്. തലവര മാറ്റിക്കുറിച്ച ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടുകൂടിയാണിത്. പോരാട്ടങ്ങളുടെ നിരവധി കഥകളും കേരളത്തിന് പറയാനുണ്ട്.




നാട്ടുരാജ്യങ്ങള്‍ കൈയ്യടക്കിയ കാലം


തിരുവിതാംകൂറും കൊച്ചിയും പണ്ടുകാലം മുതല്‍ക്കേ നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നാല്‍ മലബാര്‍, സാമൂതിരിയുടെ ഭരണകാലത്തിനുശേഷം ബ്രിട്ടീഷുകാര്‍ കൈയ്യടക്കി. മലബാര്‍ പിടിച്ചടക്കിയതിനു ശേഷം കൊച്ചിയും തിരുവിതാംകൂറും അധീനതയിലാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സന്ധിചെയ്തും കപ്പം കൊടുത്തുമാണ് കൊച്ചിയും തിരുവിതാംകൂറും അന്ന് നിലനിന്നത്.




തിരുവിതാംകൂറിന്റെ ശക്തി


കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മറ്റു പല നാട്ടുരാജ്യങ്ങളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. വേണാട് എന്ന ചെറുരാജ്യത്തിന്റെ ഭരണത്തലവനായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അക്കാലത്ത് കൊച്ചി വരെയുള്ള ചെറുരാജ്യങ്ങളെയെല്ലാം ചേര്‍ത്ത് തിരുവിതാംകൂറിനെ ശക്തമായ വലിയ രാജ്യമാക്കിത്തീര്‍ത്തിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശക്തിക്കുമുന്നില്‍ കീഴ്‌പ്പെട്ട് കൊച്ചിരാജാവ് സന്ധിക്കൊരുങ്ങുകയും അങ്ങനെ കൊച്ചിയെ തിരുവിതാംകൂറിനോടു ചേര്‍ക്കാതെ നിലനിര്‍ത്തുകയും ചെയ്തു.

No comments