Breaking News

എന്റെ ക്ഷയരോഗ മുക്ത കേരളം: മുളിയാർ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം


സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പാക്കുന്ന ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 

മുളിയാർ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അക്ഷയകേരള പുരസ്‌ക്കാരം ലഭിച്ചു. ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഒരു വര്‍ഷം ഇല്ല, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സ ഇടയ്ക്കിടയ്ക്ക് വെച്ച് കൊഴിഞ്ഞു പോകാത്തതിനുമാണ് പുരസ്‌ക്കാരം.


ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായി ജാഗ്രത പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഡെ എന്നിവര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് ജില്ലാ ക്ഷയരോഗ സെന്റര്‍ മുഖേനയാണ് ഗ്രാമപഞ്ചായത്തിനു ലഭിച്ചത്. 

പ്രസ്തുത പുരസ്കാരം മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ. ഈശ്വര നായിക് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടിക്ക് കൈമാറി. 


പുരസ്‌ക്കാരം ലഭിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.


വൈസ് പ്രസിഡൻറ് ഗീത ഗോപാലൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നഫീസ മുഹമ്മദ് കുഞ്ഞി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസീല അസ്‌ലം, 

ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ തങ്കമണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.എസ്.രശ്മി, നിധീഷ് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,. ഇംപ്ലിമെന്റിംഗ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments