കോവിഡ് മരണങ്ങളിൽ പുനപ്പരിശോധന വേണം; നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് പ്രതിപക്ഷം
കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വരുമ്പോഴും സംസ്ഥാനത്തെ മരണ കണക്കില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13235 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സയ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇവരില്‍ പലരും പിന്നീട് മരിച്ചെങ്കിലും കോവിഡ് മരണമായി ഉള്‍പ്പെടുത്തുന്നില്ല. ഇത് നഷ്ടപരിഹാരം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ ഇടയാക്കും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നേരത്തെയുള്ള മരണങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് നെഗറ്റീവായതിന് ശേഷം മരണം സംഭവിച്ചു എന്നതിന്‍റെ പേരില്‍ ഒരു കുടുംബത്തിനും നഷ്ടപരിഹാരം നിഷേധിക്കപ്പെടരുത്. ഐസിഎംആര്‍ മാനദണ്ഡം കേരളം തെറ്റായി വ്യാഖ്യാനിച്ചെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെയാണ് ഉത്തരവിട്ടത്. നഷ്ടപരിഹാരം നൽകാൻ തടസ്സമുണ്ടെന്ന കേന്ദ്രസർക്കാർ വാദം കോടതി തള്ളി. നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ആറാഴ്ചക്കുള്ളിൽ പുറത്തിറക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കോവിഡ് അനുബന്ധ രോഗങ്ങൾ കാരണം മരിച്ചവരുടേതും കോവിഡ് മരണമായി കണക്കാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്ന ഉത്തരവിന് പിന്നാലെയാണ് സുപ്രീംകോടതി കോവിഡ് മരണത്തിന് നഷ്ടപരിഹാരം നൽകണമെന്ന നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രകൃതി ദുരന്തങ്ങൾ. മാത്രമേ എൻഡിഎംഎ നിയമത്തിന്റെ പരിധിയിലുള്ളൂവെന്ന് കേന്ദ്രം വാദിച്ചു. രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടാത്ത സാഹചര്യവുമായതിനാൽ നേരിട്ട് സാമ്പത്തിക സഹായം നൽകാനാവില്ലെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഈ വാദം തള്ളി. എന്നാൽ എത്ര തുക വീതം നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനം എടുക്കാം. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും അല്ലാത്ത പക്ഷം അത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് ബാധിച്ചുമരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ നടപടികൾ ലഘൂകരിച്ച്, മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തോട് നിർദേശിച്ചു. മരണ കാരണവും മരണ ദിവസവും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം, മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് എതിർപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാർ പുനപ്പരിശോധിക്കണം, പരാതി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി പിഴവുകൾ തിരുത്തി മരണ സർട്ടിഫിക്കറ്റ് വീണ്ടും നൽകണമെന്നും കോടതി വ്യക്തമാക്കി.

No comments