ബാഴ്‌സലോണയില്‍ നിന്ന് സ്വതന്ത്രനായി മെസി, പുതിയ പ്രഖ്യാപനം കാത്ത് ഫുട്‌ബോള്‍ ലോകം
ബാഴ്സലോണ എഫ്സിയുമായുള്ള അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന താരം കരാര്‍ പുതുക്കുമെന്ന പ്രതീക്ഷമാത്രമാണ് നിലവില്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്.
മെസിയുടെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസിയും ക്ലബ് നേതൃത്വവും തമ്മില്‍ ആഴ്ചകളോളമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്. ഇതിലൂടെ രണ്ട് വര്‍ഷത്തെ കരാറില്‍ ബാഴ്സയുമായി മെസി ധാരണയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മെസിയുടെ ആവശ്യങ്ങളും ബാഴ്സലോണയുടെ നിലവിലെ സാമ്പത്തിക സാഹചര്യവുമാണ് പുതിയ കരാര്‍ പൂര്‍ത്തിയാകുന്നതില്‍ തടസം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം താരത്തിനു പുതിയ കരാര്‍ നല്‍കാന്‍ ബാഴ്സലോണ നിലവിലുള്ള വേതന ബില്ലില്‍ മാറ്റം വരുത്തണമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കോപ്പ അമേരിക്കയില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരം ടൂര്‍ണമെന്റിനു ശേഷം തന്റെ ഭാവിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

No comments