Breaking News

വീഡിയോ കോളിലൂടെ കണ്ണിറുക്കി സുന്ദരികള്‍ കൈക്കലാക്കിയത് ലക്ഷങ്ങള്‍; ബ്ലാക്ക് മെയിലിങ്ങില്‍ പണം നഷ്ടപ്പെട്ട പരാതിയുമായെത്തിയത് 183 പേര്‍ പണം തട്ടിയെടുക്കുന്ന വന്‍ റാക്കറ്റ് തട്ടിപ്പിന് പിന്നില്‍

 

വിഡിയോ കോളിലെ സുന്ദരികളുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്. അപമാനം നിമിത്തം പരാതി പറയാന്‍ കൂടുതല്‍ പേര്‍ തയാറല്ലെങ്കിലും ഒരു മാസത്തിനിടെ വിവിധ ജില്ലകളിലായി പൊലിസിനു ലഭിച്ചത് 183 പരാതികള്‍. പണവും മാനവും കവര്‍ന്നുവെന്ന് കാണിച്ചാണ് പരാതികളെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ യുവ ബിസിനസുകാര്‍ വരെ കെണിയില്‍ വീണവരില്‍പെടും. 15000 മുതല്‍ അഞ്ച് ലക്ഷം രൂപവരെ നഷ്ടമായവരുണ്ട്.

ഒരുതവണ അയ്യായിരമോ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ബ്ലാക്ക് മെയിലിങ്ങില്‍ കൂടുതല്‍ പണം അയച്ചുകൊടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് സൈബര്‍ പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ട്.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് യുവ സുന്ദരിമാര്‍ സൗഹൃദം നടിച്ച് പണം കവര്‍ന്നത്. ചെറുപ്പക്കാര്‍ മുതല്‍ മധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവര്‍ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. കൂലിപ്പണിക്കാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടെക്കികളും ബിസിനസുകാരും ഉള്‍പ്പെടെ അന്യദേശക്കാരികളായ മാദകസുന്ദരികളുടെ സൗന്ദര്യത്തില്‍ വീണ് പണവും മാനവും നഷ്ടപ്പെടുത്തി. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍.

കോടികളാണ് ഇവര്‍ തട്ടിയെടുത്തത്. ലോക്ക് ഡൗണില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടില്‍ അടച്ചിരുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്. ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇവര്‍ ഇരകളെ വശീകരിക്കുക. ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വിഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച് മൊബൈല്‍ നമ്പര്‍ കൂടി നല്‍കും. സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് വലയില്‍വീണ പലരും ചാറ്റിങ്ങിനോ വിഡിയോ കോളിനോ ശ്രമിക്കും. ഇരകള്‍ വീണുവെന്ന് അറിഞ്ഞാലുടന്‍ നെറ്റ് നമ്പരുകളില്‍ നിന്ന് വിഡിയോ കോളോ, വാട്ട്‌സ് ആപ്പ് വഴി ലൈവ് ചാറ്റിങ്ങോ ആയി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകും സംസാരം. ഭാഷ വശമില്ലാത്തവരേയും അവര്‍ നിരാശപ്പെടുത്തിയിരുന്നില്ല.
അതേസമയം ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിരവധി തവണ പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരം കെണികളില്‍ മലയാളികള്‍ വീഴുകയാണെന്ന് സൈബര്‍ഡോം അധികൃതര്‍ പറയുന്നു.

No comments