Breaking News

ഫോണ്‍ ചോര്‍ത്തല്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ വാദിച്ച് ഐടി മന്ത്രി; മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രിയുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ജല ശക്തി വകുപ്പ് സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത് ബന്ധമുള്ള 18 പേരുടെ വിവരങ്ങളും ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്.

പെഗാസസ് പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം 2018-19 കാലഘട്ടത്തിലാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടിലെ ഏറ്റവും ഗുരുതരമായ വസ്തുത.

രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തി.

എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളില്‍ ആര്‍ക്കും തന്നെ രാഷ്രീയ- സാമൂഹിക ബന്ധങ്ങളുല്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്നാണ് ഇക്കാര്യത്തില്‍ രാഹുല്‍ ഗന്ധി പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധിക്ക് പുറമെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയുടെ അനന്തിരവനും എംഎല്‍എയുമായ അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറത്ത് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങളാണ് വിഷയത്തിന്റെ വ്യാപ്തി വ്യക്കമാക്കുന്നത്. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സമിതിയില്‍ അംഗമായിരുന്ന അശോക് ലവാസയുടേതാണ് ചോര്‍ത്തപ്പെട്ട പട്ടികയിലുള്ള ഒന്ന്.

തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ നിലപാട് എടുത്ത വ്യക്തിയായിരുന്നു അശോക് ലവാസ. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിവാദത്തോട് ലോക്‌സഭയില്‍ മറുപടി പറഞ്ഞ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശദമായ പരിശോധയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.

No comments