Breaking News

ഉസ്താദ് അബ്ദുസ്സലാം ദാരിമി സമസ്ത ജില്ല ജ.സെക്രട്ടറിയാകുമ്പോൾ സ്വാദിഖ് ഹുദവി ആലംപാടി✍️


പ്രമുഖ പണ്ഡിതനും കാസർകോട് ജില്ലയിലെ സമസ്തയുടെ ശബ്ദവുമായ ഉസ്താദ് അബ്ദുസ്സലാം ദാരിമി ആലംപാടി ജില്ല മുശാവറയുടെ മുഖ്യ കാര്യദർശിയായി തെരെഞ്ഞെടുക്കപ്പെട്ട വാർത്ത വളരെ ആഹ്ലാദത്തോടെയാണ് കേട്ടത്. ദീർഘകാലമായി മുശാവറയുടെ ഭാഗമായി സേവനനിരതനായ ഉസ്താദിന് അർഹിക്കുന്ന അംഗീകാരമാണത്. പരന്ന ജ്ഞാനവും പണ്ഡിതോചിത നിലപാടുകളും ആരുടെ മുന്നിലും സത്യം തുറന്നു പറയാനുള്ള ആർജവവും സാത്വിക ജീവിതവുമാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്നത്.

ഞങ്ങൾ, ആലംപാടിക്കാർ ഉസ്താദിനെ കാലങ്ങളായി നേരിട്ട് അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ മുൻ തലമുറ ഉസ്താദിനെയും പിതാവ് ദർസ് ഉസ്താദിനെയും ദീർഘ കാലം അടുത്തറിഞ്ഞവരാണ്. മൂന്ന് പതിറ്റാണ്ടിലധികമായി ഉസ്താദ് ആലംപാടി മഹല്ലിന് നേതൃത്വം നൽകി വരുന്നു.

ആലംപാടിയിൽ തന്നെയാണ് ഉസ്താദ് ജനിച്ചു വളർന്നത്. പത്താം ക്ലാസ് വരെ മദ്രസയും SSLC വരെ സ്കൂളും പഠിച്ചു. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ മദ്രസയിൽ തന്നെ കിതാബുകൾ പഠിപ്പിക്കപ്പെടുന്ന കാലമായിരുന്നു അത്. ശേഷം, ഒന്നര വർഷത്തോളം നാട്ടിലെ ആലംപാടി ഉസ്താദിന്റെ ദർസിൽ ചേർന്ന് വിദ്യ നുകർന്നു. അതിന് ശേഷം, അഞ്ച് വർഷം കുമ്പോലിൽ പി.എ അഹ്മദ് മുസ് ലിയാരുടെ ദർസിലാണ് ഓതിയത്.

ദർസ് പഠനം കഴിഞ്ഞ് ഉപരി പഠനാർത്ഥം നന്ദി ദാറുസ്സലാമിലേക്ക് പോയി. ശൈഖുനാ ശംസുൽ ഉലമ അന്നവിടെ അധ്യാപനം നടത്തിയിരുന്നു. അവിടെ നിന്ന് പ്രധാനപ്പെട്ട ഒരുപാട് കിതാബുകൾ ഓതി 1987 ൽ ദാരിമി ബിരുദം കരസ്ഥമാക്കി. 

അതേ വർഷം ഉപ്പ സ്ഥാനമൊഴിഞ്ഞതോടെ ആലംപാടി ജുമുഅത്ത് പള്ളിയിൽ ഖത്വീബായി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് വർഷത്തോളം റമദാനിൽ ഉസ്താദ് തന്നെയായിരുന്നു ഇമാമത്തും വഅളുമൊക്കെ നിർവ്വഹിച്ചിരുന്നത്. 1990 ലാണ് ദർസ് ഉസ്താദ് എന്ന പേരിൽ നാട്ടുകാർക്കിടയിൽ വിശ്രുതനായ ഉപ്പ മരണപ്പെട്ടത്.

1989 ലെ പിളർപ്പിന് ശേഷം ജില്ലാ എസ്.എം.എഫിന്റെ  ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ആദ്യ SKSFF ജില്ലാ കമ്മിറ്റി നിലവിൽ വരുന്നത്. അതിന്റെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റതോടെ ഉസ്താദ് സമസ്തയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി തുടങ്ങി. പിളർപ്പും കിംവദന്തികളും അതിജീവിച്ച് എസ്.കെ.എസ്.എസ്. എഫിനെ മുന്നോട്ടു നയിക്കുക ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. സഹപ്രവർത്തകരോടൊന്നിച്ച് ഉസ്താദും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചു. പിന്നീട് മർഹൂം ഖാസിം മുസ്ലിയാർ പ്രസിഡന്റായിരിക്കെ എസ്.വൈ.എസ് ജില്ല ജ.സെക്രട്ടറിയായും സേവനം ചെയ്തു.

പഴയ കാലം മുതലുള്ള കേരളീയ പാരമ്പര്യത്തോട് ചേർന്നു നിൽക്കുന്ന  വലിയൊരു മത പ്രഭാഷകൻ കൂടിയാണ് ഉസ്താദ്. കാസർകോട് ജില്ലയിലെ ഒരുപാട് മഹല്ലുകളിൽ കാലങ്ങളോളം ഉസ്താദ് പ്രഭാഷണം നടത്തിയിട്ടുണ്ട്. കുറവാണെങ്കിലും, ഇന്നും പരിപാടികളുണ്ട്. നിലപാടുകൾ തുറന്നു പറയുന്ന സ്വഭാവം പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ, ഉസ്താദ് ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖത്വീബായും ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അകാദമി പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ച് വരുന്നു. സമയമൊട്ടും പാഴാക്കാത്ത ഉസ്താദ് അവസരം കിട്ടുമ്പോഴൊക്കെ വലിയ ഗ്രന്ഥങ്ങൾ വായിക്കുന്നത് കാണാം. ചരിത്രങ്ങളും കഥകളും തമാശകളും നാട്ടുവർത്തമാനങ്ങളും സമ്മേളിക്കുന്ന ഉസ്താദിന്റെ റമദാൻ ഉറുദികളും മറ്റു പ്രഭാഷണങ്ങളും എത്രനേരം കേട്ടിരുന്നാലും മുഷിപ്പ് തോന്നില്ല. അപൂർവ്വമായ പല പോയന്റുകളും അതിലുണ്ടാകും.

എളിമയും താഴ്മയും മുഖമുദ്രയാക്കിയ ഉസ്താദിന്റെ ജീവിതം തീർത്തും മാതൃകായോഗ്യമാണ്. ആരാധന കർമ്മങ്ങളിലും മറ്റിതര ദീനി ചിട്ടകളിലും പൂർണ്ണ നിശ്കർഷത പുലർത്തുന്ന ഉസ്താദ് ഒരു കിടയൊത്ത പാരമ്പര്യ പണ്ഡിതനെ ഓർമ്മപ്പെടുത്താറുണ്ട്.

ഒരുപാട് കാലമായി ജില്ല മുശാവറ  മെമ്പറും പിന്നീട് സെക്രട്ടറിയുമായ ഉസ്താദ് ഇപ്പോൾ ജ.സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നല്ല രീതിയിൽ നമുക്ക് നേതൃത്വം നൽകാൻ അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ....
ആമീൻ

സ്വാദിഖ് ഹുദവി ആലംപാടി

No comments