Breaking News

ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശുഭാന്ത്യം, മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

 ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശുഭാന്ത്യം, മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു


രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങൾ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറുകയായിരുന്നു.

ബാബുവിൻറെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. രാത്രിയിൽ രക്ഷാസംഘം ബാബുവിന്റെ അടുത്ത് നിന്നും 200 മീറ്റർ അകലെവരെ എത്തിയിരുന്നു. ബാബുവുമായി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായും പേടിക്കേണ്ടെന്നും ഉടൻ എത്തിക്കാമെന്നും സൈന്യം അറിയിച്ചു.

No comments