മക്ക, മദീന പള്ളികളുടെ ഭരണസ്ഥാനങ്ങളിലേക്ക് ആദ്യമായി സ്ത്രീകളെ നിയമിച്ച് സൗദി; ചരിത്രം തിരുത്തി രണ്ട് വനിതകൾ
മക്കയിലെ മസ്ജിദുൽ ഹറമിന്റെയും മദീനയിലെ മസ്‌ജിദുന്നബവിയുടെയും ഉന്നത ഭരണസ്ഥാനങ്ങളിലേക്ക് വനിതകളെ നിയമിച്ച് സൗദി അധികൃതർ. ഡോ അൽ അനൗദ് അൽ അബൗദ്, ഡോ. ഫാത്തിമ അൽ റഷൗദ് എന്നിവരെയാണ് ഭരണനിർവഹണ സമിതിയിലേക്ക് നിയമിച്ചത്. ഇരു പള്ളികളുടെയും ഭരണകാര്യ മേധാവിയും പണ്ഡിതനുമായ ഷെയ്ഖ് അബ്ദുർറഹ്മാൻ അൽ സുദായിസാണ് തീരുമാനം പ്രഖ്യാപിച്ചത്. സൗദി ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകളെ പള്ളികളുടെ സുപ്രധാന ഭരണസ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത്.
മുസ്‌ലിം വിശ്വാസപ്രകാരം ലോകത്തെ മൂന്ന് പുണ്യ സ്ഥലങ്ങളിൽ ആദ്യത്തെ രണ്ടെണ്ണമാണ് മസ്ജിദുൽ ഹറമും മസ്ജിദുന്നബവിയും.
സുദായിസിന്റെ ഓഫീസിലെ അസിസ്റ്റന്റ്, വനിതാ ക്ഷേമകാര്യ ഉപദേശക എന്ന നിലയിലായിരിക്കും ഫാത്തിമ അൽ റഷൗദ് പ്രവർത്തിക്കുക. വനിതാ വിഭവ വികസന വിഭാഗം അസിസ്റ്റന്റാണ് ഡോ അൽ അനൗദ്. ഈ സുപ്രധാന തസ്തികകൾക്ക് പുറമെ അണ്ടർ സെക്രട്ടറി ലെവലിലുള്ള മറ്റിടങ്ങളിലേക്കും വനിതകളെ നിയമിച്ചിട്ടുണ്ട്. ഡോ. കമെലിയ അൽദാദിയെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായും ഡോ ഇബ്തിഹാബ് അൽ ജെയ്ദിനെ ശാസ്ത്ര ഗവേഷണ വിഭാഗം മേധാവിയായും ഡോ നൂറ അൽ തുവൈബിയെ ശാസ്ത്ര, ബൗദ്ധിക മാർഗനിർദേശക വിഭാഗത്തിലേക്കും നിയമിച്ചു.
സൗദിയുടെ ‘വിഷൻ 2030’ പദ്ധതി മുൻനിർത്തി പരമാവധി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും അഭ്യസ്തവിദ്യരായ വനിതകളുടെ സേവനം ഉപയോഗപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ പരിഷ്‌കാരങ്ങളെന്ന് അധികൃതർ പറയുന്നു. ഈ നിയമനകളോടെ സൗദി ചരിത്രത്തിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ഭരണസമിതിയായി മാറിയിരിക്കുകയാണ് നിലവിലെ സമിതിയെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇരു പള്ളികളിലെയും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഹയ്യക്ക് എന്ന പേരിൽ 320 വനിതകൾക്കായി ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. വാക്‌സിനേഷൻ എടുത്തവരെ ഉംറ ചെയ്യാൻ അനുവദിച്ചുകൊണ്ട് സൗദി ഉത്തരവിട്ടതിനോടൊപ്പമാണ് ഈ തീരുമാനങ്ങളും പുറത്തുവന്നത്.
സൗദി അടുത്തിടെ കൈക്കൊണ്ടിരുന്ന പുരോഗമന തീരുമാനങ്ങളോട് ഈ നിയമനങ്ങളെയും ചേർത്തുവായിക്കാം എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈയിടെ ചരിത്രത്തിൽ ആദ്യമായി ഹറമിൽ സുരക്ഷാ ചുമതലക്ക് സൗദി വനിതകളെ നിയോഗിച്ചിരുന്നു.

No comments