ഇതുപോലെയാണ് ജീവിതം’; മുന്‍ എല്‍ക്ലാസിക്കോ നായകന്‍മാര്‍ ഒരുമിക്കുന്ന വീഡിയോ ഏറ്റെടുത്ത് ഫുട്‌ബോള്‍ പ്രേമികള്‍
പിഎസ്ജിയുടെ ജിമ്മില്‍ ബാഴ്‌സലോണയുടെ മുന്‍ നായകന്‍ ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡ് ക്യാപ്റ്റനായിരുന്ന സെര്‍ജിയോ റാമോസും കണ്ടുമുട്ടുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജിമ്മില്‍ സൈക്ലിങ്ങ് ചെയ്തുകൊണ്ടിരിക്കുന്ന മെസ്സിക്ക് സമീപത്തേക്ക് റാമോസ് നടന്നടുത്ത് കൈ കൊടുക്കുന്നതും ഇരുവരും ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയില്‍. ദൃശ്യങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ട്രെന്‍ഡിങ്ങ് ആയതിനൊപ്പം കമന്റുകളും ട്രോളുകളും ധാരാളമെത്തുന്നുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിതവും നാടകീയവുമായ വഴിത്തിരിവുകളോടാണ് മിക്കവരും റാമോസ്-മെസ്സി ഒരുമിക്കലിനെ ഉപമിക്കുന്നത്.
പതിറ്റാണ്ടുകളോളം ബന്ധവൈരികളായിരുന്ന ഇരുവരേയും ഒരു കുടക്കീഴിലെത്തിച്ച പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണം, പല തവണ തന്റെ കാലൊടിക്കാന്‍ ശ്രമിച്ച ഒരാളെ മെസ്സി കെട്ടിപ്പിടിക്കുന്നു, ഇന്നലത്തെ ശത്രു ഇന്നത്തെ മിത്രമാണ്, മെസ്സിയുടെ ക്രോസില്‍ റാമോസിന്റെ ഒരു ഹെഡ്ഡര്‍ ഗോള്‍ ഒന്നാലോചിച്ചു നോക്കൂ, മെസ്സി: നിങ്ങളുടെ ആ ഫൗളുകള്‍ എന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചേനെ..റാമോസ്: നിങ്ങളെ പിടിച്ചുനിര്‍ത്താന്‍ അതേ വഴിയുള്ളൂ, അവര്‍ ഒരേ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് വൈരികളായെന്ന് കരുതി ആജീവനാന്ത ശത്രുക്കളല്ല, ഒരു കളിക്കാരനും ഒരു ക്ലബ്ബും ഒരു ട്രോഫിയും ഒരു വൈരവും ഫുട്‌ബോളിനേക്കാള്‍ മേലെ അല്ലെന്ന് മെസ്സിയുടേയും റാമോസിന്റേയും ഒരുമിക്കല്‍ തെളിയിക്കുന്നു’. എന്നിങ്ങനെയാണ് കമന്റുകള്‍.
എല്‍ ക്ലാസിക്കോ ഐക്കണുകളായിരുന്ന ഇരുവരും മൈതാനത്ത് ഏറ്റുമുട്ടുന്നതിന്റേയും റാമോസ് മെസ്സിയെ ഫൗള്‍ ചെയ്യുന്നതിന്റേയും വീഡിയോകള്‍ പലരും പങ്കുവെയ്ക്കുന്നുണ്ട്. 2010ലാണ് ഇരുവരും ആദ്യമായി നേര്‍ക്കു നേര്‍ വരുന്നത്. അന്ന് എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ റയലിനെ തോല്‍പിച്ചു. സ്റ്റോപ്പേജ് ടൈമിലും റയല്‍ പ്രതിരോധ മറികടന്ന് കുതിപ്പ് തുടര്‍ന്ന മെസ്സിയെ റാമോസ് പുറകില്‍ നിന്നും തൊഴിച്ച് വീഴ്ത്തുകയും ചുവപ്പുകാര്‍ഡ് വാങ്ങുകയും ചെയ്തിരുന്നു.

No comments