‘രണ്ടിലൊന്ന് തെരഞ്ഞെടുക്കുക’; പാര്‍ട്ടി ഭാരവാഹികള്‍ സഹകരണ ബാങ്ക് ചുമതല ഒഴിയണമെന്ന് സിപിഐഎം
സഹകരണ ബാങ്കുകളില്‍ അദ്ധ്യക്ഷ പദവിയിലിരിക്കുന്ന നേതാക്കള്‍ രണ്ടിലൊന്ന് തീരുമാനിക്കണമെന്ന് സിപിഐഎം. സഹകരണബാങ്കിന്റെ ശമ്പളം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാരായ ലോക്കല്‍ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കുമാണ് അറിയിപ്പ്. നൂറ് കോടിയോളം രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി.
സിപിഐഎം ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയുള്ളവര്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരിക്കണമെന്ന് പാര്‍ട്ടി തീരുമാനമുള്ളതാണ്. തട്ടിപ്പ് നടന്ന കരിവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും ജീവനക്കാരായി ഉണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ആളും. ഈ സാഹചര്യമുള്ളതിനാല്‍ ഭരണസമിതി തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ കണ്ണടയ്ക്കുകയോ ചെയ്‌തെന്നാണ് സിപിഐഎം അനുമാനം. ഈ വിലയിരുത്തലിനേത്തുടര്‍ന്നാണ് രണ്ടിലൊന്ന് മതിയെന്ന കര്‍ശന നിര്‍ദ്ദേശം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് എസ്പി നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒളിവിലായിരുന്ന മുന്‍ മാനേജരും സീനിയര്‍ അക്കൗണ്ടന്റും ക്രൈം ബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. സിപിഐഎം പൊറത്തിശ്ശേരി മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്കിന്റെ മുന്‍ മാനേജരുമായ ഇരിങ്ങാലക്കുട മൂത്രത്തിപ്പറമ്പില്‍ ബിജു കരീം (45), തൊടുപറമ്പ് ബ്രാഞ്ച് അംഗവും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റുമായ പൊറത്തിശേരി ചെല്ലക്കര ജില്‍സ് (43) എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി.
തട്ടിപ്പിനേത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ അടക്കം 16 ഓഡിറ്റ് ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്നും തട്ടിപ്പു തടയാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നടപടി. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
No comments