അസം വെടിവെപ്പ്; വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്ത് ചവിട്ടിയ സംഘ്പരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
അസമിലെ ധോല്‍പ്പൂരില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്തുകയറി ചവിട്ടിയ സംഘ്പരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടം നിയമിച്ച ബിജോയ് ശങ്കര്‍ ബാനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്.
പൊലീസ് നോക്കിനില്‍ക്കെയാണ് വെടിയേറ്റ് നിലത്തുവീണ പ്രദേശവാസിയുടെ മൃതദേഹത്തില്‍ ഇയാള്‍ ചവിട്ടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത വ്യക്തമാക്കി. അറസ്റ്റിലായ ബിജോയ് ശങ്കര്‍ കടുത്ത സംഘപരിവാര്‍ അനുഭാവിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികള്‍ക്കു നേരെ ക്രൂരമായ ആക്രമണമാണ് അസമില്‍ ഇന്നലെ അരങ്ങേറിയത്. പൊലീസ് വെടിവെച്ചും നിലത്തിട്ട് തല്ലിച്ചതച്ചും മൂന്നുപേരെയാണ് കൊന്നത്. ആക്രമണത്തില്‍ നിരവധി പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ബിജോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിഷേധക്കാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.
കാര്‍ഷിക പദ്ധതിക്കായി ഭൂമി തിരിച്ചുപിടിക്കുന്നതിന് ജൂണില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തതാണെന്നും കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നുമാണ് സര്‍ക്കാര്‍ വാദം. 800 വീടുകള്‍ ഇതിനകം പദ്ധതിക്കായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയെയും അസാമീസ് സ്വത്വത്തെയും കയ്യേറ്റക്കാരില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി അസമിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും നേരത്തെ പ്രദേശം സന്ദര്‍ശിച്ച അസാം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രദേശവാസികള്‍ വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും ആരോപണമുണ്ട്. നടപടി വിവാദമായ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് പൊലീസ് പിന്‍വാങ്ങിയെന്നാണ് വിവരം.

No comments