ഒന്നാമതെത്താന്‍ പന്തും കൂട്ടരും; പ്ലേ ഓഫ് ഉറപ്പിക്കാന്‍ സഞ്ജുവും ടീമും
ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോള്‍ രണ്ടാം മത്സരം പഞ്ചാബും ഹൈദരാബാദും തമ്മിലാണ്. എങ്ങനെയും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഡല്‍ഹിയുടെ ശ്രമം. മറുവശത്ത് അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് നടക്കുന്നത്. പോയിന്‍റ് ടേബിളിലെ അവസാന രണ്ട് സ്ഥാനക്കാരായ പഞ്ചാബും സൺറൈസേഴ്സും പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാകും കളത്തിലിറങ്ങുക.
ബാംഗ്ലൂരിനെതിരെ ആറു വിക്കറ്റ് ജയം പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അബൂദബിയില്‍ തീ പാറും. രണ്ട് വിക്കറ്റ് കീപ്പർ ക്യാപ്റ്റന്മാരുടെ കൂടെ പോരാട്ടമാണ് നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരെ മുഴങ്ങിക്കേട്ട പേരായി പന്ത് ചെറിയ കാലയളവിനുള്ളില്‍ മാറിയപ്പോള്‍ ഇന്ത്യന്‍ ജഴ്സിയില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതിന്‍റെ വിഷമത്തിലാണ് സഞ്ജു. പക്ഷേ ഐ.പി.എല്ലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല.

No comments