തളര്‍ന്നുവീണ 28കാരനെ തോളത്തെടുത്ത് രാജേശ്വരി; രക്ഷാപ്രവർത്തനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ
ചെന്നൈ: തളർന്നു വീണയാളെ തോളത്തേറ്റി ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് കൈയടിയ്ക്കുകയാണ് സോഷ്യൽ മീഡിയ.
ചെന്നൈയിലെ ടിപി ഛത്രം പ്രദേശത്തെ ശ്മശാനത്തിനരികിലാണ് സംഭവം. ഉദയ്കുമാർ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത്. ഇയാളെ ഇൻസ്പെക്ടർ രാജേശ്വരി തന്റെ തോളത്ത് എടുത്ത് വെച്ച് തൊട്ടടുത്തുള്ള ഓട്ടോ റിക്ഷയിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഉദയ്കുമാറിനെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിരവധി പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ചെന്നൈയിൽ തുടരുന്ന ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങളും മറ്റുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.
മഴക്കെടുതി നേരിടുന്ന ടിപി ഛത്രം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും. പ്രദേശത്തെ സെമിത്തേരിയ്ക്ക് അടുത്ത് എത്തിയപ്പോഴാണ് ഒരാൾ കുഴഞ്ഞ് വീണ് കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ജീവനുണ്ട് എന്ന് മനസ്സിലാക്കിയതോടെ വളരെ പെട്ടെന്ന് തന്നെ അയാളെ രാജേശ്വരി തോളത്ത് എടുത്ത് ഓട്ടോ റിക്ഷയിൽ കയറ്റുകയായിരുന്നു. തുടർന്ന് കിൽപൗക് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഉദയ് കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
No comments