എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ
സെഞ്ചൂറിയന്‍: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ (KL Rahul) സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ (South Africa vs India 1st Test) ഇന്ത്യ മികച്ച നിലയില്‍. സെഞ്ചൂറിയനില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 272-3 എന്ന നിലയിലാണ് ഇന്ത്യ (Team India). ഏഴാം ടെസ്റ്റ് ശതകവുമായി കുതിക്കുന്ന രാഹുലിനൊപ്പം (122*) സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) 40* ക്രീസില്‍. പേസര്‍ ലുങ്കി എന്‍ഗിഡിയാണ് (Lungi Ngidi) ഇന്ത്യക്ക് നഷ്‌ടമായ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും ഇന്ത്യയെ വിക്കറ്റ് നഷ്‌ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു.
മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്‌സൈഡ് എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്‍റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു.
ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
No comments