Breaking News

''പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു; ഉമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു''; മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാവിന്‍റെ പരാതി


കസ്റ്റഡിയിലെടുത്ത് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് വ്യക്തമാക്കി യുവാവ്. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിനു പിറകെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ജയ് ശ്രീറാമും വന്ദേമാതരവും വിളിപ്പിക്കുകയും കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പ്രതികരിച്ചിരുന്നു.

ഫിറോസിന്റെ പരാതിയിൽനിന്ന്:

2021 ഡിസംബർ 20ന് രാത്രി 10.30നും 11.00നും ഇടയിൽ യൂനിഫോം ധരിക്കാത്ത പൊലീസുകാർ എന്നെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി. വീട്ടിൽനിന്ന് റോഡിൽ കൊണ്ടുവന്ന് ജീപ്പിൽ കയറ്റിയ ഉടനെ പൊലീസുകാർ ക്രൂരമായി മർദിക്കാൻ തുടങ്ങി. ആലപ്പുഴ ഡിവൈ.എസ്.പിയുടെ ഓഫീസിന്റെ പിറകിൽ ഇരുട്ടിൽനിർത്തി നേരം വെളുക്കുംവരെ മർദിക്കുകയും പലതവണ വന്ദേമാതരം വിളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വിളിക്കില്ലെന്ന് പറഞ്ഞപ്പോൾ എന്നെ ക്രൂരമായി മർദിച്ചു. പിന്നീട് ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞു. ഞാൻ വിളിക്കില്ല എന്ന് പറഞ്ഞു. വീണ്ടും ക്രൂരമായി മർദിച്ചു.

പൊലീസുകാർ സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചെന്നും ഫിറോസ് പറയുന്നു. ഉണ്ടെന്നു പറഞ്ഞപ്പോൾ സ്വർഗത്തിൽ ഹൂറിലീങ്ങളെ കിട്ടാനാണോ സുന്നത്ത് ചെയ്തതെന്ന് പൊലീസ് ചോദിച്ചു. തുടർന്ന് കേട്ടാലറക്കുന്ന ഭാഷയിൽ മുസ്‌ലിംകൾക്കെതിരെ അധിക്ഷേപം നടത്തി. നിന്റെ നേതാക്കന്മാർക്ക് മാത്രമേ നിന്റെ പെങ്ങളെയും ഉമ്മയെയും കൂട്ടിക്കൊടുക്കുകയുള്ളൂ, ഞങ്ങൾക്കുകൂടി ഒന്ന് കൊണ്ടുവന്നു താടാ എന്നും പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. മർദനങ്ങൾക്കും തെറിയധിക്ഷേപങ്ങൾക്കും ശേഷം ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ കൊണ്ടുപോകുകയും രാവിലെ 10 മണിക്ക് മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐക്കാരനാണോ എന്ന് ചോദിച്ചുകൊണ്ടാണ് പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചതെന്നും എന്തായിരുന്നു കാരണമെന്ന് അറിയില്ലെന്നും മുഹമ്മദ് ഫിറോസ് പറഞ്ഞു.

സ്റ്റേഷനിലെ രാജേഷ് എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കടുത്ത മർദനവും അധിക്ഷേപവുമെല്ലാമുണ്ടായതെന്നാണ് ഫിറോസ് ആരോപിക്കുന്നത്. പൊലീസ് മർദനത്തെത്തുടർന്ന് ഇപ്പോൾ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും യുവാവ് പരാതിയിൽ സൂചിപ്പക്കുന്നുണ്ട്. പൊതിരെ അടികിട്ടിയതു കാരണം നല്ല വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പുറമെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.

No comments