Breaking News

ഫോട്ടോയെടുപ്പുകാരുടെ ശ്രദ്ധക്ക്; യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ഫോട്ടോയെടുത്താല്‍ വരും ഒരു കോടി പിഴ


അബുദാബി: ഫോട്ടോയെടുപ്പ് ഇഷ്ടമായി കൊണ്ടു നടക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനിമുതല്‍ യു.എ.ഇയില്‍ ഫോട്ടോയെടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധച്ചോളൂ.

പൊതുസ്ഥലത്ത് അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ ശിക്ഷയാക്കിയിരിക്കുകയാണ് യു.എ.ഇ. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും.രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭേദഗതി ചെയ്ത നിയമം ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടേയും, മാധ്യമങ്ങളുടേയും, ആരോഗ്യ മേഖലയിലേയും ഡാറ്റ നശിപ്പിക്കുന്നതിനും കടുത്ത ശിക്ഷ നല്‍കാന്‍ പുതിയ സൈബര്‍ കുറ്റകൃത്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയല്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം.പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

No comments