Breaking News

പൊലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടക്കുന്നു'; വിമര്‍ശനവുമായി കോടിയേരി

പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോവുകയാണ്. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. ഈ സാഹചര്യത്തില്‍ സുപ്രധാന ജോലികളില്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറിപറ്റുകയാണെന്നും കോടിയേരി പറഞ്ഞു.

സ്റ്റേഷനുകളിലെ ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. അത് ചെയ്യാന്‍ ആളില്ലാതെ വരുമ്പോള്‍ ആ ഒഴിവുകളിലേക്ക് ആര്‍എസ്എസുകാര്‍ കയറിക്കൂടുകയാണ്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പെരിങ്ങറ ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. കേസന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.

കെ റെയില്‍ പദ്ധതിയുടെ ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഐഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. എസ്ഡിപിഐയും ജമാ അത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണ്. വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിത്. യുഡിഎഫും ഈ കെണിയില്‍ വീണെന്നും കോടിയേരി പറഞ്ഞു.

No comments