ആർ.എസ്.എസ് വിരുദ്ധ പോസ്റ്റുകളുടെ പേരിൽ കേരള-കർണാടക പൊലീസ് വേട്ടയാടുന്നതായി മലയാളി യുവാവ്
സമൂഹമാധ്യമങ്ങളിൽ തീവ്ര ഹിന്ദുത്വ നിലപാടുകൾശക്കതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ചന്ദ്രമോഹൻ കൈതാരം. ആർ.എസ്.എസിന്‍റെ ചെയ്തികളെ നിരന്തരം വിമർശിക്കുന്ന പോസ്റ്റുകളാണ് ഇദ്ദേഹത്തിന്‍റേത്. ആർ.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകൾ സമൂഹത്തിൽ വിതക്കുന്ന വിദ്വേഷത്തിനും കള്ളവാർത്തകൾക്കും എതിരെയാണ് ചന്ദ്രമോഹന്‍റെ പോസ്റ്റുകൾ അധികവും.
കഴിഞ്ഞ ദിവസം കർണാടകയിലെ ബി.ജെ.പി സർക്കാറിന്‍റെ പൊലീസിനൊപ്പം ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പൊലീസും തന്‍റെ ആർ.എസ്.എസ് വിരുദ്ധതയെ സംബന്ധിച്ച് ചോദ്യം ചെയ്യാൻ എത്തിയതിന്‍റെ ഞെട്ടലിലാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാറിലെ പൊലീസിന്‍റെ അതേ മനോഭാവമാണ് കേരളത്തിലെ ഇടത് ഭരണത്തിൻ കീഴിലെ പൊലീസിനെന്നും അദ്ദേഹം പറയുന്നു. നിലവിൽ ബംഗളൂരുവിലാണ് ഇദ്ദേഹം ജോലി നോക്കുന്നത്.
എന്തിനാണ് ആർ.എസ്.എസ് വിരുദ്ധത വെച്ചുപുലർത്തുന്നത് എന്നറിയാൻ കർണാടക-കേരള പൊലീസ് ഒരുമിച്ചെത്തിയെന്ന് ചന്ദ്രമോഹൻ പറയുന്നു. ആർ.എസ്.എസിനെതിരെ ഇനി പോസ്റ്റുകൾ ഇടാതിരിക്കാൻ മൊബൈൽ അടക്കം പൊലീസുകാർ കൊണ്ടുപോയതായും അദ്ദേഹം പറയുന്നു. മുൻ എം.എൽ.എ വി.ടി ബൽറാം അടക്കമുള്ളവർ കേരള പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ചന്ദ്രമോഹൻ കൈതാരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ബാംഗ്ലൂരിൽ ഞാൻ ജോലി ചെയ്യുന്ന പ്ലാന്‍റിൽ ഇന്ന് കേരള-കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി എന്നെ ചോദ്യം ചെയ്തു.
സംഘികൾക്കെതിരെയുള്ള പോസ്റ്റുകൾ ഞാൻ തന്നെയാണോ ഇട്ടത് എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ 'കുറ്റം'സമ്മതിച്ചു. ആർ.എസ്.എസിനെതിരെയുള്ള പോസ്റ്റുകൾ ഇട്ടത് ഞാൻ തന്നെയാണ് സാറന്മാരെ എന്ന് ഞാൻ അവരോട് പറഞ്ഞു. അതോടെ എന്‍റെ മൈബൈൽ ഫോണും ഇയർഫോണും ഉൾപ്പെടെയുള്ള സ്ഥാവര ജംഗമങ്ങളെല്ലാം അവർ എടുത്തുകൊണ്ടുപോയി. എന്‍റെ എഫ്.ബി അക്കൗണ്ട് 2021 ഡിസംബർ 31ന് പൂട്ടാൻ ഇടയുണ്ട്. എന്നെയും അവർ പൂട്ടിയേക്കാം. മരിച്ചാലും മനുഷ്യന്‍റെ സ്വാതന്ത്ര്യസ്വപ്‌നങ്ങൾ ഭൂമിയിൽ അനന്തമായി അവശേഷിക്കും. പിശാചുക്കൾ ഇന്ത്യയിൽ ചിരകാലം വാഴില്ല.
No comments