39ലും കിതക്കാതെ, പ്രതിഭയുടെ നെറുകയിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിറന്നാൾ
39ലും കിതക്കാതെ, പ്രതിഭയുടെ നെറുകയിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിറന്നാൾ
വര്‍ഷം 2004. യൂറോ കപ്പ് ഫുട്‌ബോള്‍ നടക്കുകയാണ്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് എത്തില്ലെന്ന് ഒരാള്‍ വാശിപിടിച്ചു. ജോസ് ഡിനിസ് അവെയ്‌റോ എന്ന റൊണാള്‍ഡോയുടെ പിതാവാണ് ആ വാശിക്കാരന്‍. വീട്ടിലെ ടി വിയില്‍ മത്സരം കാണുമെന്നും സ്റ്റേഡയത്തിലിരുന്നാല്‍ താന്‍ പരിഭ്രാന്തനാകുമെന്നുമായിരുന്നു ജോസ് അവെയ്‌റോ കാരണം പറഞ്ഞത്.
കരള്‍ രോഗത്തെ തുടര്‍ന്ന് 51 വയസുള്ളപ്പോള്‍ റൊണാള്‍ഡോയുടെ പിതാവ് മരണപ്പെട്ടു. അന്ന് 20 വയസ്സ് മാത്രമായിരുന്നു പോര്‍ച്ചുഗീസ് താരത്തിന് ഉണ്ടായിരുന്നത്. അമിത മദ്യപാനിയായ പിതാവിന്റെ മകനായി വളര്‍ന്നത് റൊണാള്‍ഡോയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഹൃദയഹാരിയായ ഒരു സംഭാഷണം പോലും പിതാവിനും തനിക്കും ഇടയിലുണ്ടായിട്ടില്ലെന്ന് പില്‍ക്കാലത്ത് റൊണാള്‍ഡോ പറഞ്ഞിട്ടുണ്ട്. ജീവിതം ഒരുപാട് ബാക്കിയുള്ളപ്പോഴാണ് പിതാവ് മരിച്ചത്. താന്‍ ഒരു താരമായി ഉയരുന്നത് കാണാന്‍ തന്റെ പിതാവിന് കഴിഞ്ഞില്ലെന്നും പിന്നീടൊരിക്കല്‍ റൊണാള്‍ഡോ ഓര്‍മ്മിച്ചിരുന്നു. ഇന്ന് 39 വയസ് തികയുമ്പോഴും അയാളുടെ പ്രതിഭയ്ക്ക് തെല്ലു പോലും മങ്ങലേറ്റിട്ടില്ല.
1985 ഫെബ്രുവരി അഞ്ചിനാണ് ക്രിസ്റ്റ്യാനോ ജനിച്ചത്. ജോസ് ഡിനിസ് അവെയ്‌റോയുടെയും മരിയ ഡൊലോറസിന്റെയും മകന്റെ പേരിലുമുണ്ട് കൗതുകം. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് രണ്ടാം പേര് ലഭിച്ചത് മാതാപിതാക്കളില്‍ നിന്നല്ല. അമേരിക്കന്‍ പ്രസിഡന്റും നടനുമായിരുന്ന റൊണാള്‍ഡ് റീഗന്റെ കടുത്ത ആരാധകനാണ് ജോസ് അവെയ്‌റോ. ഈ പേരാണ് ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കൂട്ടിയത്.
പോര്‍ച്ചുഗീസ് ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു റൊണാള്‍ഡോയുടെ പിതാവ്. 1974ല്‍ ആഫ്രിക്കയിലെ പോര്‍ച്ചുഗീസ് യുദ്ധം അവസാനിച്ചതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. പിന്നെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബിലെ ജീവനക്കാരനായി. വീട്ടുജോലിക്കാരിയായിരുന്നു റൊണാള്‍ഡോയുടെ അമ്മ. കടുത്ത ദാരിദ്രത്തിലൂടെയാണ് ആ കുടുംബം കടന്നുപോയത്. പിതാവിന്റെ ജോലി കൊച്ചു റോണോയെ ഫുട്‌ബോളിലേയ്ക്ക് അടുപ്പിച്ചു.
എട്ടാം വയസ് മുതല്‍ അയാള്‍ പന്ത് തട്ടി തുടങ്ങി. ഊണിലും ഉറക്കത്തിലുമെല്ലാം ചിന്ത ഫുട്ബോളിനെക്കുറിച്ച് മാത്രം. അദ്ധ്യാപകന് നേരെ കസേര എറിഞ്ഞതിന് 14-ാം വയസില്‍ റൊണാള്‍ഡോയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അതോടെ ഫുട്‌ബോളിനായി മുഴുവന്‍ സമയവും ചിലവഴിക്കാന്‍ റൊണാള്‍ഡോ തീരുമാനിച്ചു.
No comments