അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150'; ആള്‍ക്കൂട്ടത്തില്‍ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം, വിമര്‍ശനം
സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടന്ന എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനെതിരെ വ്യാപക വിമര്‍ശനം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയിലെ ജന പങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന നിര്‍ദേശം ഉള്‍പ്പെടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിലാണ് മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ എടപ്പാള്‍ മേല്‍പാലം പൊതുമരാമത്ത് മന്ത്രി പി ഐ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചത്. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഏറെ നാളത്തെ ഗതാഗത തടസത്തിന് പരിഹാരമാകും.
കിഫ്ബിയില്‍ നിന്ന് 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ അഭിമാനകരമാണ് എന്നായിരുന്നു പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍, മന്ത്രി വി അബ്ദുറഹിമാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എ പി നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും ഉള്‍പ്പടെയാണ് പദ്ധതി. പാലത്തിന്റെ എട്ട് സ്പാനുകളാണ് ഉള്ളത്. നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മുന്‍ മന്ത്രിയും നിലവില്‍ തവനൂര്‍ എംഎല്‍എയുമായ ഡോ. കെടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയം മുന്നോട്ടുവച്ചത്.
No comments