Breaking News

ഐ.പി.എല്ലും ഐ.എസ്.എല്‍. മാതൃകയിലേക്ക്; കോവിഡ് പശ്ചാത്തലത്തില്‍ ഒറ്റ വേദിയില്‍ ഒതുങ്ങിയേക്കും!

 ഐ.പി.എല്ലും ഐ.എസ്.എല്‍. മാതൃകയിലേക്ക്; കോവിഡ് പശ്ചാത്തലത്തില്‍ ഒറ്റ വേദിയില്‍ ഒതുങ്ങിയേക്കും!



രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ ഒറ്റ നഗരത്തില്‍ മാത്രം നടത്താന്‍ ബി.സി.സി.ഐ. ആലോചിക്കുന്നു. 2022 സീസണ്‍ മഹാരാഷ്ട്രയില്‍ മാത്രമായി ചുരുക്കാനാണ് ആലോചന. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയം, ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, എം.സി.എ. സ്‌റ്റേഡിയം എന്നിവിടങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് ആലോചന.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു നീക്കത്തിനു ബി.സി.സി.ഐ. തയാറാകുക. മുംബൈയിലെ സ്റ്റേഡിങ്ങളുടെ ലഭ്യത സംബന്ധിച്ച് ബി.സി.സി.ഐ. സി.ഇ.ഒ ഹേമങ് അമിന്‍ കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ പാട്ടീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

പിന്നീട് ഇരുവരും ചേര്‍ന്ന് ബി.സി.സി.ഐ. മുന്‍ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം തേടി. ഐ.പി.എല്‍. മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹേമങ് അമിനും വിജയ് പാട്ടീലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.

കാണികളെ ഉള്‍പ്പെടുത്താതെയുള്ള മത്സരങ്ങളായതിനാല്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും ചില മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചതായി ജനുവരി അഞ്ചിന് ബിസിസഐ അറിയിച്ചിരുന്നു.

No comments